Site iconSite icon Janayugom Online

കുടുംബശ്രീ മുഖേന ഉപജീവന മേഖലയില്‍ തുടങ്ങുന്ന പുതിയ പദ്ധതികള്‍ കേരളത്തിന്റെ വികസന മേഖലയ്ക്ക് മികച്ച സംഭാവനയാകും: മന്ത്രി എം ബി രാജേഷ്

കുടുംബശ്രീ മുഖേന ഉപജീവന മേഖലയില്‍ ആരംഭിക്കുന്ന പുതിയ പദ്ധതികള്‍ കേരളത്തിന്റെ വികസന മേഖലയ്ക്ക് നല്‍കുന്ന മികച്ച സംഭാവനയായി മാറുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. അയല്‍ക്കൂട്ട വനിതകളുടെ സുസ്ഥിര സാമ്പത്തിക വികസനം ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഉപജീവന മേഖലയില്‍ നടപ്പാക്കുന്ന വണ്‍ സ്റ്റോപ് ഫെസിലിറ്റി സെന്റര്‍, ഇന്‍ക്യുബേഷന്‍ സെന്റര്‍, പോക്കറ്റ് മാര്‍ട്ട് ഇ കൊമേഴ്സ് ആപ്ലിക്കേഷന്‍, സ്റ്റാര്‍ട്ടപ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ് പ്രോഗ്രാം ആറാം ഘട്ടം, നേച്ചേഴ്സ് ഫ്രഷ് അഗ്രി കിയോസ്ക് രണ്ടാം ഘട്ടം, ഹരിതസമൃദ്ധി ക്യാമ്പയിന്‍ എന്നീ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളീയ സ്ത്രീജീവിതത്തില്‍ ശ്രദ്ധേയമായ മുന്നേറ്റം കൈവരിക്കാന്‍ കഴിഞ്ഞ കുടുംബശ്രീ പുതിയ പദ്ധതികള്‍ നടപ്പാക്കുന്ന മേഖലയിലും തനത് മാതൃക സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീ പരമ്പരാഗതമായി നടത്തി വരുന്നതില്‍ നിന്നും വ്യത്യസ്തമായ മേഖലകളിലാണ് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത്. ഇതുവരെ ഏറ്റെടുത്തിട്ടുള്ള ഏതു ദൗത്യവും വിജയിപ്പിച്ചിട്ടുളള കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പുതിയ പദ്ധതികളും മികച്ച വികസന മാതൃകകളായി മാറുമെന്നും മന്ത്രി പറഞ്ഞു.

ആന്റണി രാജു എംഎല്‍എ അധ്യക്ഷത വഹിച്ചു. നേച്ചേഴ്സ് ഫ്രഷ് അഗ്രി കിയോസ്ക് പദ്ധതി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി വെങ്ങാനൂരില്‍ കിയോസ്ക് തുടങ്ങുന്ന കുടുംബശ്രീ കാര്‍ഷിക സംരംഭകര്‍ക്കുള്ള ധനസഹായമായ രണ്ടു ലക്ഷം രൂപയുടെ ചെക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍(ഇന്‍ ചാര്‍ജ്) ഡോ. ദിനേശന്‍ ചെറുവത്തില്‍ നിന്നും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ എസ് ശ്രീകുമാര്‍, സംരംഭകര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. പോക്കറ്റ്മാര്‍ട്ട് ആപ് വികസിപ്പിച്ച അമീഗോസിയ കമ്പനി പ്രതിനിധികളെ കുടുംബശ്രീ അര്‍ബര്‍ പ്രോഗ്രാം ഓഫിസര്‍ മേഘാ മേരി കോശി ആദരിച്ചു. ആര്‍ എസ് ശ്രീകുമാര്‍, കുടുംബശ്രീ പ്രോഗ്രാം ഓഫിസര്‍ ഡോ. ബി ശ്രീജിത്ത്, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ രമേഷ് ജി, മിനി സി ആര്‍, സിഡിഎസ് അധ്യക്ഷ വിനീത പി എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫിസര്‍മാരായ ശ്രീകാന്ത് എ എസ് സ്വാഗതവും ഡോ.ഷാനവാസ് നന്ദിയും പറഞ്ഞു.

Exit mobile version