Site iconSite icon Janayugom Online

പുതിയ റിപ്പോര്‍ട്ട് ഉടനെന്ന് ഹിന്‍ഡന്‍ബര്‍ഗ്; ആരായിരിക്കും അടുത്തത്?

പുതിയ റിപ്പോര്‍ട്ട് ഉടനെ പുറത്തുവിടുമെന്ന് ഹിന്‍ഡന്‍ബര്‍ഗ്. ട്വിറ്ററിലൂടെയാണ് പുതിയ റിപ്പോര്‍ട്ടിന്റെ കാര്യം പങ്കുവച്ചതെങ്കിലും ആരെക്കുറിച്ചാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഈയിടെ പുറത്തിറങ്ങിയ റിപ്പോര്‍ട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആത്മമിത്രം ഗൗതം അഡാനിക്കെതിരെ ആയിരുന്നു. ലോകത്താകമാനം ചര്‍ച്ചചെയ്യപ്പെട്ട അഡാനി — ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് മോഡി-അഡാനി കൂട്ടുകെട്ടിന് രാഷ്ട്രീയമായും സാമ്പത്തികമായും വന്‍ തിരിച്ചടിയായിരുന്നു. മോഡിയും അഡാനിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളം വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു.

റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ 150ബില്യണ്‍ ഡോളറില്‍ നിന്ന് അഡാനിയുടെ ആസ്തി 53 ബില്യണ്‍ ഡോളറായി ചുരുങ്ങി. ഫോര്‍ബ്‌സ് കണ്ടെത്തിയ ലോകത്തെ അതി സമ്പന്നരായ 35 പേരുടെ പട്ടികയില്‍ നിന്ന് അഡാനി പുറത്താക്കപ്പെടുകയും ചെയ്തു. 120 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് അഡാനിയുടെ ഓഹരികള്‍ക്ക് ഉണ്ടായത്. നരേന്ദ്ര മോഡി ഗുജറാത്ത് മഖ്യമന്ത്രിയായതുമുതലാണ് അഡാനിയുടെ ഉയര്‍ച്ച തുടങ്ങിയത്. പ്രധാനമന്ത്രി പദത്തിലെത്തിയതോടെ മോഡിയുടെ വിദേശയാത്രകളിലെ ഏക കൂട്ടാളി അഡാനിയായിരുന്നു. ഓരോ രാജ്യങ്ങളിലും യാത്രാനന്തരം വമ്പന്‍ വൈദേശിക വ്യവസായിക കരാറുകളാണ് അഡാനിക്ക് ലഭിച്ചിരുന്നത്. 2014ല്‍ 50,000 കോടിയുടെ ആസ്തിയുണ്ടായിരുന്നിടത്ത് നിന്നും 2019ല്‍ ഒരു ലക്ഷം കോടിയുടെ ആസ്തിയുണ്ടായതിന്റെ പിന്നിലെ മാജിക്ക് എന്താണെന്ന പ്രതിപക്ഷത്തിന്റെ പാര്‍ലമെന്റിലെ ചോദ്യം മോഡി ഭരണകൂടത്തിന്റെ വായടപ്പിക്കുന്നതായിരുന്നു.

പുതിയ റിപ്പോര്‍ട്ട് ഉടന്‍ വരുമെന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഏത് ഗ്രൂപ്പിനെതിരെയായിരിക്കും അതെന്ന് ലോകം ഉറ്റുനോക്കുകയാണ്.

 

Eng­lish Sam­mury: Hin­den­burg Says Anoth­er ‘Big’ Report Soon As Adani Row Continues

 

Exit mobile version