വാഹനങ്ങളിൽ അനധികൃതമായി ബഹുവർണ എൽഇഡി, ലേസർ, നിയോൺ ലൈറ്റുകൾ, ഫ്ലാഷ് ലൈറ്റുകൾ കണ്ടെത്തിയാൽ ഉടമയിൽ നിന്ന് ഓരോ നിയമലംഘനത്തിനും 5000 രൂപ വീതം പിഴയീടാക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിട്ടു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. വാഹനങ്ങൾ വാങ്ങുമ്പോൾ കമ്പനി നൽകിയിരിക്കുന്ന ലൈറ്റിനു പുറമേ ലൈറ്റുകൾ സ്ഥാപിക്കാൻ പാടില്ലെന്ന് ഉത്തരവിലുണ്ട്.
വാഹനങ്ങളിൽ അനധികൃതമായി ലൈറ്റുകൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ ഉടമയിൽനിന്ന് ഓരോ നിയമലംഘനത്തിനും 5000 രൂപ വീതം പിഴ ഈടാക്കാൻ കഴിഞ്ഞ ഏപ്രിൽ 13ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. മോട്ടോർ വാഹനനിയമ പ്രകാരമുള്ള ശിക്ഷാനടപടികൾക്കു പുറമേയാണ് ഓരോ രൂപമാറ്റത്തിനും ഈ പിഴ ഈടാക്കേണ്ടത്. ഇങ്ങനെ നിയമപരമല്ലാത്ത രീതിയിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവ്.
മോട്ടോർ വാഹനനിയമപ്രകാരം വാഹനങ്ങളുടെ മുൻവശത്ത് വശങ്ങളിൽ വെള്ളയും മഞ്ഞയും കലർന്ന ഇൻഡിക്കേറ്ററിനു മാത്രമാണ് അനുവാദമുള്ളത്. അല്ലാത്ത പക്ഷം, നിയമലംഘനമായി കണ്ട് പിഴ ചുമത്തണമെന്നാണു നിർദേശം. എതിരെ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെയും വഴിയാത്രക്കാരുടെയും ഉൾപ്പെടെ കണ്ണഞ്ചിപ്പിക്കാൻ ശേഷിയുള്ള ലൈറ്റുകൾ എഐഎസ് 008 (ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ്) നിഷ്കർഷിച്ചിരിക്കുന്ന സുരക്ഷാമാനദണ്ഡങ്ങൾ ലംഘിക്കുന്നവയാണെന്ന് ഉത്തരവിൽ പറയുന്നുണ്ട്. കൂടാതെ, വാഹനത്തിന്റെ ഉയരം, നീളം, വീതി തുടങ്ങിയവയിൽ മാറ്റം വരുത്തുന്നതിനും പിഴയീടാക്കാമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
English Summary: new vehicle; Extra lights will be fined
You may also like this video