Site iconSite icon Janayugom Online

പുതുവത്സര സമ്മാനമായി പുതിയ വെളളിവരയൻ

poombattapoombatta

കൊല്ലം: പശ്ചിമഘട്ടത്തിലെ പരിസ്ഥിതി പ്രവർത്തകർക്ക് പുതുവത്സര സമ്മാനമായി വെളളിവരയൻ. 33 വർഷത്തിന് ശേഷം മഹാരാഷ്ട്ര മുതൽ കന്യാകുമാരി വരെയുള്ള പശ്ചിമഘട്ട മേഖലയിൽനിന്ന് ഗവേഷകർ കണ്ടെത്തിയ ചിത്രശലഭമാണിത്. പെരിയാർ‑മേഘമല മലനിരകളിൽ നിന്നാണ് വെളളിവരയൻ (സിഗരൈറ്റിസ് )വിഭാഗത്തിൽപെട്ട ശലഭത്തെ തിരിച്ചറിഞ്ഞത്. മേഘമലൈ ക്ലൗഡ് ഫോറസ്റ്റ് സിൽവർ ലൈൻ (മേഘമല വെള്ളിവരയൻ) എന്നായിരിക്കും ഇത് അറിയപ്പെടുക. ഇതുമായി ബന്ധപ്പെട്ട പഠനം ശാസ്ത്ര ജേണലായ എന്റോമോണിന്റെ പുതിയ പതിപ്പിൽ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി (ടിഎൻഎച്ച്‍എസ്) യിലെ റിസർച്ച് അസോസിയേറ്റ്സ് ഡോ. കലേഷ് സദാശിവന്റെ നേതൃത്വത്തിലായിരുന്നു കണ്ടെത്തൽ.
ടിഎന്‍എച്ച്എസ് ഗവേഷകർ 2018ലാണ് പെരിയാറിൽനിന്ന് ആദ്യമായി ഈ ശലഭത്തെ കാണുന്നത്. ഇതിന്റെ ശലഭപ്പുഴു ചില ഉറുമ്പുകളുമായി സഹവസിക്കുന്നതായും നിരീക്ഷിച്ചു. 2021 ൽ കൂടുതൽ പഠനം നടത്തിയപ്പോൾ, ഈ ഇനം തമിഴ്‌നാട്ടിലെ മേഘമലയിലും കേരളത്തിലെ പെരിയാർ കടുവാ സങ്കേതത്തിലും സാധാരണമാണെന്ന് കണ്ടെത്തി. 

മുതിർന്ന ചിത്രശലഭത്തിന്റെ മുൻചിറകിന്റെ അടിഭാഗത്തുള്ള വരകൾ ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന മറ്റെല്ലാ വെള്ളിവരയൻ ചിത്രശലഭങ്ങളിൽ നിന്നു വ്യത്യസ്തമാണന്ന് ഡോ. കലേഷ് സദാശിവൻ പറഞ്ഞു. പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന ഏഴിനം വെള്ളിവരയൻമാരിൽ ആറെണ്ണവും തെക്കൻ പശ്ചിമഘട്ടത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് തേനിയിലെ വനം ട്രസ്റ്റ് എന്ന സംഘടനയിലെ അംഗമായ രാമസ്വാമി നായ്ക്കർ പറഞ്ഞു.
സിക്സ് ലൈൻബ്ലൂ, സഹ്യാദ്രി ബ്രോമസ് സ്വിഫ്റ്റ് എന്നിങ്ങനെ രണ്ട് ഉപജാതികളായ ചിത്രശലഭങ്ങളെ ടിഎൻഎച്ച്എസ് നയിക്കുന്ന ഗവേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ബൈജു കൊച്ചുനാരായണൻ, ജെബിൻ ജോസ്, ടിഎൻഎച്ച്എസ് റിസർച്ച് അസോസിയേറ്റ്സ് വിനയൻ പത്മനാഭൻ നായർ എന്നിവരാണ് കണ്ടെത്തലിനു പിന്നില്‍. ഇതോടെ പശ്ചിമഘട്ടത്തിലെ ആകെ ചിത്രശലഭങ്ങളുടെ എണ്ണം 337 ആയി.

You may also like this video

Exit mobile version