Site iconSite icon Janayugom Online

ന്യൂയോര്‍ക്ക് നഗരം മുങ്ങുന്നു

കെട്ടിടങ്ങളുടെ അസാധാരണമായ ഭാരം കാരണം ന്യൂയോര്‍ക്ക് നഗരം ഭാഗികമായി മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പഠനം. സമുദ്രനിരപ്പില്‍ നിന്നുള്ള നഗരത്തിന്റെ ഉയരം ഓരോ വർഷവും ശരാശരി 1–2 മില്ലിമീറ്റർ കുറയുന്നതായാണ് ഗവേഷകരുടെ കണ്ടെത്തല്‍. ചില പ്രദേശങ്ങള്‍ ഈ നിരക്കിന്റെ ഇരട്ടിയിലധികം വേഗത്തില്‍ മുങ്ങുകയാണെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ആഗോളതാപനം കാരണമുണ്ടാകുന്ന സമുദ്ര ജലനിരപ്പിന്റെ വര്‍ധന നഗരം മുങ്ങുന്നതിന്റെ ആഘാതം ഉയര്‍ത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം ശക്തിപ്പെട്ടതോടെ ന്യൂയോർക്ക് നഗരത്തിനോട് ചേർന്നുള്ള ജലനിരപ്പ് ഏകദേശം ഒമ്പത് ഇഞ്ച് അല്ലെങ്കിൽ 22 സെന്റീമീറ്റർ ഉയർന്നു. പ്രശസ്തമായ എമ്പയർ സ്റ്റേറ്റ് ബില്‍ഡിങ്ങും ക്രിസ്‌ലർ ബിൽഡിങ്ങും ഉള്‍പ്പെടുന്ന നഗരത്തിന്റെ ഘടനകള്‍ക്ക് ആകെ 1.68 ടൺ പൗണ്ട് ഭാരമുണ്ടെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്. ഇത് ഏകദേശം 140 ദശലക്ഷം ആനകളുടെ ഭാരത്തിന് തുല്യമാണ്. ഏറ്റവും വലിയ കെട്ടിടങ്ങളിൽ പലതും സ്കിസ്റ്റ് പോലെയുള്ള ഉറച്ച അടിത്തട്ടിൽ സ്ഥാപിച്ചിരിക്കുമ്പോൾ, മറ്റ് ചിലത് മണല്‍, കളിമണ്ണ് എന്നിവയുടെ മിശ്രിതം ചേര്‍ത്താണ് നിര്‍മ്മിച്ചിട്ടുള്ളത്. മണ്ണ് എത്ര മൃദുവാണോ അത്രത്തോളം കെട്ടിടങ്ങളില്‍ നിന്ന് കൂടുതൽ സമ്മര്‍ദ്ദം ഉണ്ടാകും. ന്യൂയോർക്കിൽ ഇത്രയും വലിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നത് ഒരു തെറ്റല്ലെങ്കിലും നിര്‍മ്മാണ മാനദണ്ഡങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ യുഎസ് ജിയോളജിക്കൽ സർവേയിലെ ജിയോഫിസിസ്റ്റായ ടോം പാർസൺസ് പറഞ്ഞു. ന്യൂയോർക്കിലും മറ്റ് തീരദേശ നഗരങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും പാര്‍സണ്‍സ് ചൂണ്ടിക്കാട്ടി. കാലാവസ്ഥാ പ്രതിസന്ധി രൂക്ഷമാകുമ്പോൾ ന്യൂയോർക്ക് നഗരം നേരിടുന്ന അപകടസാധ്യതകൾ ലോകമെമ്പാടുമുള്ള മറ്റ് പല തീരദേശ നഗരങ്ങളും അഭിമുഖീകരിക്കേണ്ടി വരുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

eng­lish summary;New York City is sink­ing due to weight of its skyscrapers

you may also like this video;

Exit mobile version