Site iconSite icon Janayugom Online

അടുത്ത ചീഫ് ജസ്റ്റിസ്: ജസ്റ്റിസ് സൂര്യകാന്തിൻ്റെ പേര് ശുപാർശ ചെയ്‌ത് ചീഫ് ജസ്റ്റിസ് ബി ആർ ഗവായി

സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സൂര്യകാന്തിനെ നിലവിലെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായി ശുപാർശ ചെയ്തു. നിലവിൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജസ്റ്റിസ് ആണ് സൂര്യകാന്ത്. ഈ വർഷം നവംബർ 23ന് ജസ്റ്റിസ് ബി ആർ ഗവായിയുടെ കാലാവധി അവസാനിക്കുന്നതോടെ പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേൽക്കും.

കേന്ദ്ര നിയമ മന്ത്രാലയം അംഗീകാരം നൽകിയാൽ ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തിന്റെ 53മത് ചീഫ് ജസ്റ്റിസ് ആയി ചുമതല ഏൽക്കും. അധികാരം ഏൽക്കുകയാണെങ്കിൽ 2027 ഫെബ്രുവരി 9 വരെ അദ്ദേഹത്തിന് ചീഫ് ജസ്റ്റിസ് പദവിയിൽ തുടരാൻ ആകും. സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജസ്റ്റിസിനെ ചീഫ് ജസ്റ്റിസ് ആയി ശുപാർശ ചെയ്യുന്നത് പതിവാണ്.

ചീഫ് ജസ്റ്റിസ് ആവുകയാണെങ്കിൽ, ഹരിയാനയിൽ നിന്ന് ഈ പദവിയിൽ എത്തുന്ന ആദ്യത്തെ വ്യക്തിയെന്ന നേട്ടവും ജസ്റ്റിസ് സൂര്യകാന്തിന്റെ പേരിനൊപ്പം ചേരും. ഹരിയാനയിലെ ഹിസാറിൽ 1962 ഫെബ്രുവരി 10നാണ് അദ്ദേഹം ജനിച്ചത്. അധ്യാപകനായിരുന്നു പിതാവ്. ഗ്രാമത്തിലെ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1984ൽ മഹർഷി ദയാനന്ദ സർവ്വകലാശാലയിൽ നിന്ന് നിയമ ബിരുദം കരസ്ഥമാക്കി. ഹിസാറിലെ ജില്ലാ കോടതിയിൽ അഭിഭാഷകനായാണ് അദ്ദേഹം പ്രവർത്തനം ആരംഭിച്ചത്.

Exit mobile version