Site icon Janayugom Online

അല്‍ നെയ്മര്‍ടാ…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടക്കമിട്ടതിന് പിന്നാലെ നിരവധി താരങ്ങളും പരിശീലകരുമാണ് സൗദി അറേബ്യയിലേക്കെത്തിയത്. സൂപ്പര്‍ താരം കരിം ബെന്‍സേമയും റയല്‍ വിട്ട് സൗദിയിലേക്കെത്തിയിരുന്നു. ഇപ്പോഴിതാ പിഎസ്ജിയുടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറുമെത്തുന്നു. 98.5 മില്യൻ ഡോളറിന് (819 കോടി) നെയ്മറെ അല്‍ ഹിലാലാണ് ടീമിലെത്തിക്കുന്നത്. രണ്ട് വർഷത്തേക്കാണ് കരാർ. കൈമാറ്റം സംബന്ധിച്ച് ഇരു ക്ലബ്ബുകളും ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ട്.

ട്രാന്‍സ്ഫര്‍ വിദഗ്ധന്‍ ഫാബ്രിസിയോ റൊമാനോയ നെയ്മറിനു മുന്നില്‍ അല്‍ ഹിലാല്‍ വമ്പന്‍ ഓഫര്‍ വച്ചതായി പ്രഖ്യാപിച്ചിരുന്നു. നെയ്മര്‍ ഈ ട്രാന്‍സ്ഫര്‍ അംഗീകരിച്ചതായും അദ്ദേഹം ട്വീറ്റ് ചെയ്തു. ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി നെയ്മറിന്റെ പിതാവ് സൗദിയിലേക്ക് പുറപ്പെട്ടതായി ഇഎസ്‌പിഎന്‍ ബ്രസീലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒരു വര്‍ഷം കൂടി കരാറുണ്ടെങ്കിലും പിഎസ്ജിവിടാന്‍ തീരുമാനിച്ച നെയ്മര്‍ ബാഴ്സലോണയിലേക്ക് തിരികെ പോകാന്‍ ആഗ്രഹിച്ചെങ്കിലും അത് നടക്കാതെ വന്നതോടെയാണ് സൗദി പ്രൊ ലീഗിലേക്ക് കൂടുമാറാന്‍ സൂപ്പര്‍ താരം തീരുമാനിച്ചത്. 2017ൽ ലോക റെക്കോഡ് തുകയായ 222 ദശലക്ഷം യൂറോയ്ക്കാണ് നെയ്മർ പിഎസ്ജിയിൽ എത്തിയത്. 112 മത്സരങ്ങളിൽ ക്ലബ്ബിനായി 82 ഗോളുകൾ നേടിയിട്ടുണ്ട്. ക്ലബ്ബിനൊപ്പം ആറ് സീസണ്‍ പൂര്‍ത്തിയാക്കിയെങ്കിലും ടീമിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കാന്‍ താരത്തിന് കഴിഞ്ഞില്ല. പിഎസ്ജിയിൽനിന്ന് സീസണിന്റെ തുടക്കത്തിൽ അർജന്റീന സൂപ്പർ താരം ലയണൽ മെസി അമേരിക്കയിലെ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയിരുന്നു. മറ്റൊരു സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. റുബെൻ നെവസ്, കാലിദോ കൂലിബാലി, മിലിൻകോവിച്, മാൽക്കം എന്നിവരെ അൽ ഹിലാൽ ഇതിനോടകം ടീമിലെത്തിച്ചിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസേമ, സാദിയോ മാനെ, എൻഗോളോ കാന്റെ, റിയാദ് മെഹ്‌റസ് തുടങ്ങിയ പ്രമുഖ താരങ്ങൾ സൗദിയിലേക്ക് ചേക്കേറിയതിന് പിന്നാലെ നെയ്മറും സൗദിയിലെത്തുമെന്ന വാർത്ത ഗൾഫിലെ ആരാധകർ ആകാംക്ഷയോടെയാണ് കാണുന്നത്.

Eng­lish summary;Neymar join­ing Sau­di Arabia’s Al-Hilal

you may also like this video;

Exit mobile version