Site iconSite icon Janayugom Online

നെയ്യാറ്റിൻകര ഗോപൻ സ്വാമി കല്ലറ പൊളിക്കൽ പൊലീസ് തത്കാലത്തേക്ക് നിര്‍ത്തി; കുറച്ചുകൂടി സമയം വേണ്ടി വരുമെന്ന് സബ് കളക്ടർ

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ‘ദുരൂഹകല്ലറ’ തത്കാലം തുറന്ന് പരിശോധിക്കില്ല. കുടുംബാംഗങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ ചിലരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കല്ലറ പൊളിച്ച് പരിശോധിക്കാനുള്ള നീക്കം തത്കാലത്തേക്ക് നിര്‍ത്തിവെച്ചത്. ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. കുടുംബത്തെ സ്ഥലത്ത് നിന്ന് നീക്കിയെങ്കിലും പിന്നീട് ചിലര്‍ സമാധി തുറക്കുന്നതിനെതിരെ രംഗത്തെത്തുകയായിരുന്നു. കല്ലറ പൊളിക്കാൻ കുറച്ചുകൂടി സമയം വേണ്ടിവരുമെന്ന് സബ് കളക്ടര്‍ ആൽഫ്രണ്ട് പറഞ്ഞു.

കല്ലറ തുറന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന നാട്ടുകാരും തുറക്കരുതെന്ന് പറയുന്നവരും തമ്മിൽ സംഭവ സ്ഥലത്ത് തര്‍ക്കമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നതോടെയാണ് നടപടി നിര്‍ത്തിവെക്കാൻ സബ് കളക്ടര്‍ തീരുമാനിച്ചത്. ക്ഷേത്ര സംരക്ഷണ സമിതി പ്രവര്‍ത്തകൻ വര്‍ഗീയത പറയുകയാണെന്ന് ആരോപിച്ച് നാട്ടുകാരും ഇതിനിടെ രംഗത്തെത്തി. കല്ലറ പൊളിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ബോധ്യപ്പെടുത്താൻ ഗോപൻ സ്വാമിയുടെ കുടുംബാംഗങ്ങളുമായി സബ് കളക്ടര്‍ ആൽഫ്രണ്ട് ചര്‍ച്ച നടത്തി . മകൻ ഉള്‍പ്പെടെ പൊലീസ് സ്റ്റേഷനിലെത്തി. കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസും ഫൊറന്‍സിക് സംഘവും സ്ഥലത്ത് എത്തിയതിന് പിന്നാലെ നാടകീയ രംഗങ്ങളാണ് ഉച്ചയോടെ നടന്നത്. സമാധി തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടില്‍ ഗോപന്‍ സ്വാമിയുടെ ഭാര്യയും മകനും കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചു. 

Exit mobile version