ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ചു. ഇരുവരും ഇന്നുതന്നെ ജയിൽ മോചിതരാകും. പ്രോസിക്യൂഷൻ എതിർത്തിട്ടും സാധാരണ ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ബുധനാഴ്ച ജാമ്യംതേടി ദുര്‍ഗിലെ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല.
മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ നിലപാട്. വിഷയത്തില്‍ ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിക്കാനും കോടതി നിര്‍ദേശിക്കുകയായിരുന്നു.

