Site icon Janayugom Online

എന്‍ഐഎ റെയ്ഡ്: പോപ്പുലർ ഫ്രണ്ട് ദേശീയ ചെയര്‍മാനും സെക്രട്ടറിയും അറസ്റ്റില്‍ , നിരോധനം ഉടന്‍

NIA

സംസ്ഥാന കമ്മിറ്റി ഓഫീസിലടക്കം പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന റെയ്ഡില്‍ പിഎഫ്‌ഐ ദേശീയ ചെയര്‍മാന്‍ ഒ എം എ സലാം, ദേശീയ ജനറല്‍ സെക്രട്ടറി നാസറുദ്ദീന്‍ എളമരം അടക്കമുള്ള നേതാക്കള്‍ അറസ്റ്റില്‍. ഇവരില്‍ 10 പേരെ കൊച്ചി എന്‍ഐഎ കോടതിയില്‍ ഹാജരാക്കി.
ദേശീയ ചെയര്‍മാന്‍ ഒ എം എ സലാം മലപ്പുറം മഞ്ചേരിയിലെ വീട്ടില്‍ നിന്നും അറസ്റ്റിലായി. സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ തിരുന്നാവായ എടക്കുളത്തുവച്ചും കെ മുഹമ്മദലി എന്ന കുഞ്ഞാപ്പുവും കെ പി ജംഷീറും വളാഞ്ചേരിയില്‍ വച്ചും അറസ്റ്റിലായി.
പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നായ പുത്തനത്താണി മലബാര്‍ ഹൗസില്‍നിന്നും എട്ട് ദേശീയ നേതാക്കളെ കസ്റ്റഡിയിലെടുത്തു. ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ്, ദേശീയ സെക്രട്ടറിമാരായ അഫ്സര്‍ പാഷ, വാഹിദ് സേട്ട്, അഡ്വ. യൂസഫ്, ദേശീയ വൈസ് പ്രസിഡന്റ് ഇ എം അബ്ദുര്‍റഹ്മാന്‍, മിനാറുല്‍ ഹഖ്, ആസിഫ് രാജസ്ഥാന്‍, ഇ എം അബ്ദുറഹിമാന്‍ എന്നിവരാണ് മലബാര്‍ ഹൗസില്‍ നിന്നും അറസ്റ്റിലായത്.
മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫീസിലടക്കം കോഴിക്കോട് നാലിടത്ത് കേന്ദ്ര സേനയുടെ സുരക്ഷയിൽ പരിശോധന നടന്നു. ദേശീയ സെക്രട്ടറി നാസറുദ്ദീൻ എളമരത്തെ വാഴക്കാട് എളമരത്തെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു. സംസ്ഥാന കമ്മിറ്റി ഓഫീസിലെ മുൻ അക്കൗണ്ടന്റ് താനൂർ സ്വദേശി കെ പി ജസീറിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദേശീയ സമിതി നേതാക്കളായ ഇ അബൂബക്കർ, പ്രൊഫ. പി കോയ എന്നിവരുടെ വീടുകളിൽ റെയ്ഡ് നടന്നു. പി കോയയെ എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥാപക നേതാവ് കൂടിയായ ഇ അബൂബക്കറിന്റെ കൊടുവള്ളി കരുവൻപോയിലെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ പ്രതിഷേധവുമായി പ്രവർത്തകർ എത്തിയിരുന്നു. കുന്നമംഗലത്തും മീഞ്ചന്തയിലും റോഡ് ഉപരോധിക്കുകയും കേന്ദ്രസേനയുടെ വാഹനങ്ങൾ തടയുകയും ചെയ്തു. ദേശീയ പാതകളിലും ജില്ലയിലെ പ്രധാന നഗരങ്ങളിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പ്രതിഷേധം അരങ്ങേറി.
കാസര്‍കോട് പോപ്പുലര്‍ ഫ്രണ്ടിന്റെ നായന്മാര്‍മൂലയിലുള്ള ജില്ലാ കമ്മിറ്റി ഓഫീസിലും തൃക്കരിപ്പൂരിലുള്ള ജില്ലാ പ്രസിഡന്റ് സി ടി സുലൈമാന്റെ വീട്ടിലും റെയ്ഡ് നടത്തി. സുലൈമാനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. മംഗളൂരു നഗരത്തിലെ എസ്ഡിപിഐയുടെയും, പോപ്പുലര്‍ ഫ്രണ്ടിന്റെയും ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദിനെ കൊന്നമുട്ടിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു. വീട്ടിൽ നിന്ന് ചില നോട്ടീസുകളും പേപ്പറുകളും ലാപ്ടോപ്പും മൊബൈൽ ഫോണും പെൻഡ്രൈവും പിടിച്ചെടുത്തിട്ടുണ്ട്.

നിരോധനം ഉടന്‍

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് നിരോധനം ചര്‍ച്ച ചെയ്ത് ആഭ്യന്തര മന്ത്രാലയം. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കൂടിക്കാഴ്ച നടത്തി. ഉത്തര്‍ പ്രദേശ് അടക്കം ചില സംസ്ഥാനങ്ങള്‍ പിഎഫ്‌ഐയെ നിരോധിക്കണം എന്ന നിലപാട് നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു.

Eng­lish Sum­ma­ry: NIA Raid: Pop­u­lar Front nation­al chair­man and sec­re­tary arrest­ed, ban imminent

You may like this video also

Exit mobile version