ഖലിസ്ഥാനി വിഘടനവാദ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വീഡിയോ പുറത്ത്. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും ആസൂത്രിതമാണെന്നും തെളിയിക്കുന്ന വീഡിയോയാണ് വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ടത്. വീഡിയോ അനുസരിച്ച് ആറു പേര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ട്. രണ്ട് കാറുകളാണ് ഇതിനായി ഉപയോഗിച്ചത് എന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിജ്ജറിന്റെ കാറിന് ഒരു ട്രാക്കര്‍ തടസ്സം സൃഷ്ടിച്ചിരുന്നതായും ഇതിനര്‍ത്ഥം കൊലപാതകം ആസൂത്രിതമാണെന്നും 2017ല്‍ രൂപീകരിച്ച സിഖ് സംഘടനയായ സിഖ് ലിബറേഷൻ ഫ്രണ്ട് സ്ഥാപകരില്‍ ഒരാളും ബ്രിട്ടീഷ് കൊളംബിയ സിഖ് ഗുരുദ്വാര കൗണ്‍സില്‍ വക്താവുമായ മോനീന്ദര്‍ സിങ് ആരോപിച്ചു.
ഖലിസ്ഥാൻ ടൈഗര്‍ ഫോഴ്സ് നേതാവായ 45 വയസ്സുകാരൻ നിജ്ജര്‍ ഗുരുനാനക് സിഖ് ഗുരുദ്വാരക്ക് മുന്നില്‍ ജൂണ്‍ 18നാണ് കൊല്ലപ്പെട്ടത്. അതേസമയം പഞ്ചാബിൽനിന്നുള്ള യുവാക്കൾക്ക് വിസ സ്പോൺസർ ചെയ്ത് ക്യാനഡയിലെത്തിച്ച് ഖാലിസ്ഥാൻ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനാണ് കൊല്ലപ്പെട്ട ഹർദീപ് സിങ് നിജ്ജർ അടക്കമുള്ള വിഘടനവാദി നേതാക്കൾ ശ്രമിച്ചുകൊണ്ടിരുന്നതെന്നാണ് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളുടെ കണ്ടെത്തൽ. ഗുരുദ്വാരകളിൽ ഉൾപ്പെടെ ചെറിയ ശമ്പളത്തിനു ചെറുകിട ജോലികളും താമസ സൗകര്യവും വാഗ്ദാനം ചെയ്താണ് ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളെയും അനധികൃത കുടിയേറ്റക്കാരെയും അടക്കം ഇവർ പ്രലോഭിപ്പിച്ചിരുന്നതായും ഇന്ത്യന്‍ ഏജന്‍സികള്‍ പറയുന്നു.
English Summary:Nijjar murder: Video out
You may also like this video