Site iconSite icon Janayugom Online

നിലച്ച ഘടികാരം

clockclock

ബാക്കി വെച്ച പുസ്തക വായനയിൽ
കാനേഷുമാരിയുടെ അനുബന്ധ താളും ബാക്കിയായുണ്ട്
‘മമ ജീവിതത്തിൽ എല്ലാം കഴിഞ്ഞു,
ഇനിയെന്ത് ബാക്കി യാബോധ്യവും
പിറക്കുന്ന നേരത്ത് അനുബന്ധതാൾ തുറക്കാം
മനസിലെ തിരശീലയിൽ തെളിയും-
പൂർവ വൃത്താന്തത്തിൽ മുഖഛായാപടങ്ങൾ
ഇന്നെലെകളിൽ ഒപ്പം നടന്നു തുണയായവർ
വഴിമധ്യെ കരിങ്കല്ലുകളിൽ തട്ടി വീണ്
യാത്ര മതിയാക്കിയവർ
വഴികൾ തെറ്റിയകന്നു പോയവർ
യാത്രാമൊഴി ചൊല്ലി തിരിച്ചു വരാത്തവർ
പരിചിതർ,
കണ്ടാൽ മുഖപരിചയം ചിരിക്കും അപരിചിതർ,
നിശ്ശബ്ദ തിരപടത്തിൽ തെളിയുന്നു നിരവധി മുഖചിത്രങ്ങൾ
കാലക്രമരഹിത വരി വരിയിൽ ഒരാൾ, ഒരാൾമാത്രം
മൂടുപടമണിഞ്ഞ ധൂമ മഞ്ഞലകളുടെ മറയത്താണ്
നേർമുമ്പിലെ അവ്യക്തതകളുടെ മങ്ങിയ പരിചിതത്വം
കണ്ണടകൾ തുടച്ചൊരിക്കൽ കൂടി,
വിറയുന്ന ഏകാഗ്രതയിൽ നോക്കി
അന്തർ നേത്രങ്ങൾ ഭൂതകാലം പരതി പ്രഹേളിക മുഖം, ആര്?
അവസാനം, തിരശീലയിലൊരു കണ്ണാടി വന്നു
സ്വരൂപാർത്ഥം കണ്ണാടിയിൽ പ്രതിബിംബിച്ചു
കണ്ണാടി പറഞ്ഞു, ‘തെളിഞ്ഞതല്ലയോ നിന്മുഖം,
നിൻ സ്വന്ത സ്വരൂപാർത്ഥം
സുപരിചിത ഛായാ പടങ്ങളിൽ
അനന്യ, നിത്യപരിചിത മുഖം
കണ്ണാടിയിൽ പതിഞ്ഞെൻ ഛായാപടം
പണ്ടെങ്ങോ നിലച്ചു പോയ
ഘടികാരം പോലെ നീലിച്ചിരുന്നു
മുഖ വൃത്തത്തിൽ സമയ സൂചികൾ
നിശ്ചലമായിരുന്നു.
പഴഞ്ചൊല്ലിൽ കേട്ടത്
‘നിലച്ചുപോയ ഏതൊരു ഘടികാരവും
ദിനസരി ഇരുനേരം യഥാ സമയം കാണിക്കും’
അസമയ കാറ്റിൽ കണ്ണാടി വീണുടഞ്ഞു
വീണ്ടും ഞാനാ മുഖം അടുക്കിയ ചില്ലുകളിൽ നോക്കി
ചിതറിയ ചില്ലുകളിലും മുഖം തെളിയുന്നുണ്ട്
നിലച്ച ഘടികാരം
നിശ്ചലമായ സമയ സൂചികൾ
യഥാ സമയം കാണിക്കുന്നുണ്ട്
ആയുസിലെ രണ്ടറ്റ ബിന്ദുവിൽ
ഉദയാസ്തമയ നേരത്ത്
കണ്ടൂ സായൂജ്യം ഞാനാദ്യമായി
ഉദയാസ്തമയ സന്ധ്യയിലെ സൂര്യകാന്തിയും

Exit mobile version