പമ്പ‑നിലയ്ക്കൽ സർവീസ് നടത്തുന്ന ലോ ഫ്ലോർ ബസ് കത്തിയ സംഭവത്തിൽ നാല് ജീവനക്കാർക്കെതിരെ നടപടിയെടുത്തതായി കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു. ഇലക്ട്രിക്കൽ വിഭാഗത്തിലെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തെന്നും സൂപ്പർ വൈസർ, ഡിപ്പോ എൻജിനീയർ എന്നിവർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ചെന്നുമാണ് സത്യവാങ്മൂലത്തിലുളളത്.
അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി. ബാറ്ററിയിൽ നിന്നുളള കേബിളുകൾ കൃത്യമായി ഘടിപ്പിച്ചിരുന്നില്ല. പ്രധാന കേബിളുകൾ ഫ്യൂസ് ഇല്ലാതെ നേരിട്ടാണ് ബന്ധിപ്പിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്നത് കണക്കിലെടുത്തുള്ള വകുപ്പുതല അച്ചടക്ക നടപടിയാണ് സസ്പെൻഷനെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.
ഈ മാസം 17 നാണ് നിലയ്ക്കൽ–പമ്പ സർവീസ് നടത്തുന്ന എട്ടുവർഷം പഴക്കമുള്ള കെഎസ്ആര്‍ടിസി ബസ് കത്തി നശിച്ചത്. ഡ്രൈവറും കണ്ടക്ടറും മാത്രമായിരുന്നു ബസിലുണ്ടായിരുന്നത്. ആർക്കും പരിക്കേറ്റിരുന്നില്ല. അന്നേ ദിവസം രാവിലെ അഞ്ചേകാലോടെ അട്ടത്തോട് ഭാഗത്താണ് അപകടമുണ്ടായത്. തീർത്ഥാടകരെ കൊണ്ടുവരുന്നതിനായി പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് രാവിലെ പോകുകയായിരുന്നു ബസ്. അട്ടത്തോട് ഭാഗത്ത് വന്നപ്പോഴാണ് ബസിന്റെ മുൻഭാഗത്ത് നിന്ന് തീ ഉയരുന്നതായി കണ്ടത്. അപകടമുണ്ടായ സമയത്ത് ബസിന് പിന്നാലെ മറ്റ് വാഹനങ്ങളും വരുന്നുണ്ടായിരുന്നു. പ്രദേശത്ത് മൊബൈൽ റേഞ്ചിന് പ്രശ്നമുണ്ടായിരുന്നതിനാൽ ഫയർ ഫോഴ്സിനെ വിളിക്കാൻ ബുദ്ധിമുട്ട് നേരിട്ടതായി ജീവനക്കാർ വ്യക്തമാക്കി. ഫയർ ഫോഴ്സ് എത്തിയപ്പോഴേക്കും ബസ് പൂർണമായും കത്തിനശിച്ചിരുന്നു. ബസ് കത്തി നശിച്ചതിൽ 14 ലക്ഷം രൂപയുടെ നഷ്ടമെന്നാണ് കെഎസ്ആര്‍ടിസി കണ്ടെത്തിയത്.