Site iconSite icon Janayugom Online

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ബിജെപിയില്‍ അതൃപ്തി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ താല്പര്യക്കുറവ് കാണിക്കുന്ന നേതൃത്വത്തിനും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനുമെതിരെ പാർട്ടിയിൽ പ്രതിഷേധം. കുറഞ്ഞ കാലത്തേക്ക് ഒരു തെരഞ്ഞെടുപ്പ് ആവശ്യമില്ലെന്നാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിലപാട്. ചുമതലയേറ്റതു മുതൽ ഇതേ നിലപാടിൽ തന്നെയാണ് രാജീവ്. ബിജെപി സ്ഥാനാര്‍ത്ഥിയെ നിർത്തേണ്ട എന്ന് കോർ കമ്മിറ്റിയിലും രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. പാർട്ടിയെ കേരളത്തിലെ വലിയ ശക്തിയാക്കി മാറ്റുമെന്ന അവകാശവാദവുമായി ചുമതലയേറ്റ രാജീവ് ആദ്യ പരീക്ഷണം തന്നെ പാളുമെന്ന ഭയം മൂലമാണ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാനുള്ള വഴി തേടുന്നതെന്ന് പാർട്ടിയിൽ അഭിപ്രായം ഉയരുന്നുണ്ട്. നിലമ്പൂരിൽ ബിജെപി ഇതുവരെ വിജയിച്ചിട്ടില്ലെന്നും ന്യൂനപക്ഷങ്ങൾ ഭൂരിഭാഗമുള്ള മണ്ഡലത്തിൽ ബിജെപി മത്സരിച്ചാൽ തന്നെ അതിന്റെ വിജയസാധ്യത എത്രത്തോളം എന്നു പറയാൻ താൻ ആളല്ലെന്നുമാണ് രാജീവിന്റെ പ്രതികരണം. കേരളത്തിലെ ബിജെപിയെക്കുറിച്ച് യാതൊരു വ്യക്തയുമില്ലാത്ത ഒരാളുടെ പ്രതികരണമായാണ് ഒരു വിഭാഗം നേതാക്കൾ രാജീവിന്റെ വാക്കുകളെ വിലയിരുത്തുന്നത്. എത്ര ദയനീയമായ തോൽവി വന്നാലും മത്സരിക്കാതെ ഒളിച്ചോടുന്ന പതിവ് പാർട്ടിക്കില്ലെന്നും തോൽവിയിലൂടെ തന്നെയാണ് പാർട്ടി ഇന്നത്തെ അവസ്ഥയിലെത്തിയതെന്നും ഇവർ രാജീവിനെ ഓർമിപ്പിക്കുന്നുണ്ട്. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളെല്ലാം ദേശീയ തലത്തിൽ ശ്രദ്ധ നേടാറുണ്ട്. ആ നിലയ്ക്ക് നിലമ്പൂരിൽ മത്സരിക്കാതെ മാറിനില്‍ക്കുന്നത് ഭീരുത്വവും ആത്മഹത്യാപരവുമാണെന്നും ഇവർ പറയുന്നു. എന്തു വിലകൊടുത്തും ബിജെപി സ്ഥാനാർത്ഥിയെ നിർത്തണമെന്ന നിലപാടാണ് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾക്കുള്ളത്. ഏത് തെരഞ്ഞെടുപ്പും രാഷ്ട്രീയ പോരാട്ടമാണെന്നും മത്സരിക്കാതിരിക്കുന്നത് ജനാധിപത്യകക്ഷിക്ക് യോജിച്ചതല്ലെന്ന വാദവും ഇവർ ഉയർത്തുന്നു. ബിജെപി മത്സരിക്കുന്നില്ലെങ്കിൽ ഘടകകക്ഷിയായ ബി ഡിജെഎസിന് സീറ്റ് നൽകണമെന്ന ആവശ്യവും ഉയരുന്നു.

നിലമ്പൂരിൽ ബിജെപിക്ക് കാര്യമായ ചലനം ഉണ്ടാക്കാനായില്ലെങ്കിൽ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ രാജീവിന് വലിയ തിരിച്ചടിയായി അത് മാറും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ത്ഥി ടി കെ അശോക് കുമാർ ആകെ നേടിയത് 8,595 വോട്ടുകൾ മാത്രമാണ്. എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി വി അൻവർ 81,227 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് 78,527 വോട്ടും നേടിയപ്പോഴാണ് ബിജെപിയുടെ ഈ ദയനീയ പ്രകടനം. 2016ൽ ബിഡിജെഎസിന്റെ ഗിരീഷ് മേക്കാട്ട് നേടിയ 12,284 വോട്ടിൽ വൻ ചോർച്ച കഴിഞ്ഞ തവണ ഉണ്ടായി. 2011ൽ ബിജെപിക്ക് 4,425 വോട്ട് മാത്രമാണ് കിട്ടിയത്. ഈ കണക്കുകളാണ് രാജീവിനെ അലട്ടുന്നത്. കാര്യമായ സംഘടനാ ശേഷി നിലമ്പൂരിൽ ബിജെപിക്ക് ഇല്ലെന്നതും യാഥാർത്ഥ്യമാണ്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കെ സുരേന്ദ്രന് സമാനമായി വലിയ അവകാശവാദത്തോടെ രംഗത്തിറങ്ങാനാണ് രാജീവിന് താല്പര്യം. ഇതിലൂടെ കേന്ദ്രത്തിൽ നിന്ന് വൻതോതിൽ ഫണ്ട് കേരളത്തിൽ ഒഴുക്കാനും അദ്ദേഹം ആലോചിക്കുന്നു. ഇതിനിടയിൽ നിലമ്പൂരിൽ വലിയ പരാജയം ഉണ്ടായാൽ ഈ പദ്ധതികളെല്ലാം പാളുമെന്നതാണ് രാജീവിനെ അലട്ടുന്നത്. അതുകൊണ്ട് തന്നെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് പ്രസക്തിയില്ലെന്ന് പറഞ്ഞ് വിട്ടുനിൽക്കാനാണ് ആലോചന. ഇതേ സമയം നിലമ്പൂരിൽ മത്സരിക്കുമെന്ന് വ്യക്തമാക്കി അഖില ഭാരത് ഹിന്ദു മഹാസഭ എന്ന സംഘടന രംഗത്തെത്തിയിട്ടുണ്ട്. ബിജെപി മത്സര രംഗത്തില്ലെങ്കിൽ ഹിന്ദു മഹാസഭ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്നാണ് ഇവരുടെ അവകാശവാദം. ബിജെപി ആർക്കുവേണ്ടിയാണ് സ്ഥാനാർത്ഥിയെ നിർത്താതെ ഒളിക്കുന്നതെന്ന് വ്യക്തമല്ലെന്നും ഹിന്ദുവിന്റെ വോട്ട് കച്ചവടം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും സഭാ സംസ്ഥാന പ്രസിഡന്റ് സ്വാമി ഭദ്രാനന്ദ പറഞ്ഞു. 

Exit mobile version