Site iconSite icon Janayugom Online

നിലമ്പൂർ‑നഞ്ചൻകോട് റെയിൽപ്പാത: സർവേ ട്രാക്കിലേക്ക്

നിലമ്പൂർ- നഞ്ചൻകോട് റെയിൽപ്പാതയുടെ സർവേ നടപടികൾ ട്രാക്കിലേക്ക്. ഹൈദരാബാദ് ആസ്ഥാനമായ ആർവി അസോസിയേറ്റ്സിനാണ് ചുമതല. സർവേ നടത്തുന്നതിന് 4.3 കോടി രൂപയ്ക്ക് ടെൻഡർ ഉറപ്പിച്ചു. ലിഡാർ സർവേ നടത്തുന്ന ഏജൻസിയും റെയിൽവേ അധികൃതരുമായി ചർച്ച നടത്തുന്നതോടെ നടപടികൾക്ക് തുടക്കമാവും. സർവേ പൂർത്തിയാക്കാനുള്ള കാലയളവ് 12 മാസമാണെങ്കിലും വൈകാതെ നടപടി പൂർത്തിയാക്കി ഡിപിആർ സമർപ്പിക്കുകയാണ് ലക്ഷ്യം.

അലൈൻമെന്റ്, ട്രാഫിക് പഠനം, പാലങ്ങളുടെയും ടണലുകളുടെയും കണക്ക്, ഭൂമിയേറ്റെടുക്കൽ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ ഉൾപ്പെട്ട പദ്ധതിരേഖ വരുന്നതോടെ നിർദിഷ്ട റെയിൽ പാതയ്ക്ക് എത്ര ചെലവ് വരുമെന്നറിയാനാകും. ഡിഎംആർസിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിപിആറിലെ അലൈൻമെന്റ് കൂടി പരിഗണിച്ചുള്ള സർവേയാണ് നടക്കുക. 130 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാവുന്ന ട്രാക്കായിരുന്നു ഡിഎംആർസിയുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. പുതിയ സർവേയിൽ 160 കിലോമീറ്റർ വേഗത്തിലുള്ള ട്രാക്ക് സംബന്ധിച്ച സാധ്യതാപഠനമാണ് നടക്കുക.

നിലമ്പൂർ‑വയനാട്-നഞ്ചൻകോട് (മൈസൂർ) റെയിൽവേ പാതയുടെ അന്തിമ ലൊക്കേഷൻ സർവേക്കും നേമം കോച്ചിങ് ടെർമിനൽ നിർമ്മാണത്തിനുമാണ് ടെണ്ടറുകൾ വിളിച്ചത്. നിലമ്പൂർ‑നഞ്ചൻകോട് പാതയുടെ സർവേ റെയിൽവേ നേരിട്ട് നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. നേരത്തെ വിവിധ ഏജൻസികളെ ഉപയോഗിച്ച് സർവേ നടന്നിരുന്നെങ്കിലും അവ ലക്ഷ്യം കണ്ടിരുന്നില്ല. പുതിയ ഉത്തരവ് പ്രകാരം നിലമ്പൂരിൽ നിന്ന് സുൽത്താൻബത്തേരി വഴിയാണ്-നഞ്ചൻകോട് റെയിൽപാത പൂർത്തിയാക്കുക. ഇതിന്റെ ഡിപിആറും ഫൈനൽ ലൊക്കേഷൻ സർവേയും റെയിൽവേ ബോർഡ് നേരിട്ട് ചെയ്യാൻ തീരുമാനിച്ചു. ഇതിനാവശ്യമായി വരുന്ന 5.9 കോടി രൂപ അനുവദിച്ച് റെയിൽവേ ഉത്തരവിറക്കി.

നേരത്തെ ഇ ശ്രീധരന്റെ നേതൃത്വത്തിൽ സർവേ നടപടികൾക്ക് ആവശ്യമായ പ്രവർത്തനം നടന്നിരുന്നു. 2011 ഡിസംബറിലാണ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ച്, നിലമ്പൂർ‑നഞ്ചൻകോട് റെയിൽ പാത എന്ന ആശയത്തിന് രൂപം നൽകിയത്. പുതിയ പാത വരുന്നതോടെ കേരളവും കർണാടകവും തമിഴ‌്നാടും തമ്മിലുള്ള ചരക്ക് ഗതാഗതത്തിന് സാധ്യത വര്‍ധിക്കും.

Eng­lish Sam­mury: Nil­am­bur-Nan­chankod Rail­way: Sur­vey to track

Exit mobile version