Site iconSite icon Janayugom Online

ഇറാനില്‍ മരണം 585; ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ‘ഓപ്പറേഷന്‍ സിന്ധു’

പശ്ചിമേഷ്യയെ സംഘർഷഭൂമിയാക്കി ഇറാൻ — ഇസ്രയേൽ സംഘർഷം രൂക്ഷം. ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 585 പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകള്‍ കണക്കുകള്‍ പുറത്തുവിട്ടു. 1,326 പേർക്ക് പരിക്കേറ്റു. ഇറാന്റെ വ്യോമമേഖലയിൽ സമ്പൂർണ ആധിപത്യം നേടിയെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേലിന്റെ അവകാശവാദത്തെ പിന്തുണയ്ക്കുന്നു. അതേസമയം ടെൽഅവീവിലെ പ്രധാന ഇന്റലിജൻസ് കേന്ദ്രങ്ങളിലൊന്ന് ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. ഇതുവരെ 12 തവണയായി 450 ലധികം മിസൈലുകള്‍ ഇറാന്‍ ഇസ്രയേല്‍ ലക്ഷ്യമാക്കി തൊടുത്തു. ഇറാനിലെ ആണവ, സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്നലെയും കനത്ത ആക്രമണം നടത്തി.

ഇസ്രയേലിന് സൈനിക പിന്തുണ നൽകുന്നതിൽ അമേരിക്കയെ എതിർപ്പറിയിച്ച് റഷ്യ രംഗത്തെത്തി. നിലവിലെ സാഹചര്യത്തിൽ ഇസ്രയേലിന് സൈനിക സഹായം നൽകുന്നത് പശ്ചിമേഷ്യയെ കൂടുതൽ അസ്ഥിരപ്പെടുത്തുമെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്‌കോവ് പറഞ്ഞു. ഇസ്രയേലും ഇറാനുമായി റഷ്യ ഇപ്പോഴും നല്ല ബന്ധമാണ് പുലർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘർഷം മൂർച്ഛിച്ച സാഹചര്യത്തിൽ ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ‘ഓപ്പറേഷന്‍ സിന്ധു’ നടപടികള്‍ക്ക് ഇന്നലെ തുടക്കമായി. പതിനായിരത്തിലധികം ഇന്ത്യക്കാർ ഇറാനിലുണ്ടെന്നാണ് റിപ്പോർട്ട്. ഇവരിൽ 110 വിദ്യാർത്ഥികള്‍ ഇന്നലെ ഡല്‍ഹിയിലെത്തി. ഇവരെ കരമാര്‍ഗം അര്‍മീനിയയിലെ യെവ്റാനില്‍ എത്തിച്ച ശേഷം വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുകയായിരുന്നു.

Exit mobile version