Site iconSite icon Janayugom Online

നിലാത്തിരികളായവർ

nilathirikalnilathirikal

പഴയവിദ്യാലയപ്പടിയിൽ നിന്നാരോ
മധുരമായെന്നെ മാടിവിളിക്കുന്നു:
“വരിക വീണ്ടുമീപ്പടവുകൾക്കപ്പുറം
ചിറകുനീർത്തിപ്പറന്നിടാം വരൂ, 

ഗാഗനമാർദ്രമാം ചരിവിലെത്തിടാം
പ്രപഞ്ചസീമതൻ പൊരുളുതേടിടാം
സ്വരങ്ങളക്ഷരത്തിരയിലായിരം
അരുണവർണത്തിലെഴുതി മായ്ച്ചിടാം

ഹരിതഭൂമിയിൽ മുകുളമായിടാം
വിരൽ തൊടുന്നിടം വസന്ത മാക്കിടാം
പിറന്നനാടിന്റെ നാവായ് നിരന്തരം
വ്രണിതരോടൊത്തുയിരു പങ്കിടാം 

കടന്നുപോന്നൊരാ വഴിയിലൊക്കെയും
കരളുനീറ്റുന്ന കാഴ്ചയാണിപ്പോഴും
കനിവുപെയ്യുന്ന കരങ്ങളായിനാം
തണലുനീട്ടും തരുനിരകളായിടാം 

കവിതപൂത്തിടും വാക്കുകണ്ടിടാൻ
വഴിയിലൊക്കെയും കണിക തേടണം
പദങ്ങളാടുവാനരങ്ങിലെത്തവേ
വഴിപിഴച്ചവർക്കരികിലെത്തണം. 

അകലെയാകിലും പദങ്ങൾനീട്ടിയാ-
പ്പഴയ വിദ്യാലയപ്പടിയിലെത്തണം
നിറഞ്ഞകൺകളിൽ തിളക്കമേകിടാൻ
പുലരി തേടുവാൻ കരുക്കളാകണം

പതിയെ സ്വപ്നത്തിൻ പടിയിൽ തെന്നവേ,
ചിരികൾ തൂകിടും ഗുരുക്കളാരിവർ?
പരമഹർഷത്തിൻ നെറുകപുൽകുവാൻ
നിറഞ്ഞവെട്ടമായ് നിലാത്തിരികളായവർ! 

Exit mobile version