യെമനിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന പാലക്കാട് സ്വദേശിയായ നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു. ആക്ഷൻ കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സർക്കാരും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ’ സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്‌ഷൻ കൗൺസിൽ’ നിയമപോരാട്ടത്തിലായിരുന്നു.
യെമെനി പൗരനായ തലാൽ അബ്ദു മഹ്ദിയെ 2017 ജൂലായിൽ കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷപ്രിയ വധശിക്ഷ നേരിടുന്നത്. തലാലിന്റെ കുടുംബത്തിന് ദിയാധനം നൽകുന്നതിനുള്ള സാധ്യതകൾ ആരായണമെന്നും സംഘടന ആവശ്യപ്പെട്ടു. യെമെനുമായി ഇന്ത്യക്ക് നയതന്ത്രബന്ധമോ അവിടെ സ്ഥാനപതികാര്യാലയമോ ഇല്ല. ഇക്കാരണത്താൽ നയതന്ത്രതലത്തിൽ ഇടപെടാൻ പരിമിതികളുണ്ടെന്നാണ് സർക്കാർ മുൻപ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്.

