Site iconSite icon Janayugom Online

നിമിഷപ്രിയയുടെ മോചനശ്രമം; കേന്ദ്ര സര്‍ക്കാര്‍ നയതന്ത്ര സംഘത്തെ നിയോഗിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍

നിമിഷപ്രിയയുടെ മോചനശ്രമത്തിനായി കേന്ദ്ര സര്‍ക്കാര്‍ 6 അംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍. ഈ ആവശ്യം ഇന്ന് സുപ്രീം കോടതിയില്‍ ഉന്നയിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. രണ്ടുപേര്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളും, രണ്ടുപേര്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാറിന്റെ പ്രതിനിധികളും രണ്ടു പേര്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥരും എന്ന രീതിയിലുള്ള സംഘത്തെ നിയോഗിക്കാനാണ് കൗണ്‍സില്‍ ആവശ്യപ്പെടുക. കൊല്ലപ്പെട്ട യെമെന്‍ പൗരന്‍ തലാലിന്റെ കുടുംബവുമായി ചര്‍ച്ച നടത്തുന്നതിനാണ് നയതന്ത്ര‑മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുന്നത്. 

ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളായി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കെ ആര്‍, ട്രഷറര്‍ കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്നിവരെ സംഘത്തില്‍ ഉള്‍പെടുത്തണമെന്നാണ് കൗണ്‍സില്‍ ആവശ്യപ്പെടുന്നത്. മര്‍കസ് പ്രതിനിധികളായി ഡോ. ഹുസൈന്‍ സഖാഫി, ഹാമിദ് എന്നിവരെയാണ് കൗണ്‍സില്‍ നിര്‍ദേശിക്കുന്നത്. ഇതിന് പുറമെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന രണ്ട് ഉദ്യോഗസ്ഥരും സംഘത്തില്‍ ഉണ്ടാകണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നുണ്ട്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ദിയാധന ചര്‍ച്ചകള്‍ നടത്തുന്നതിനുമാണ് സംഘത്തെ നിയോഗിക്കാന്‍ ആവശ്യപ്പെടുന്നത്. ഇന്ന് രാവിലെ 10.30ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി കേസ് സുപ്രീം കോടതി മുന്‍പാകെ ഉന്നയിക്കുമെന്ന് ഇന്നലെ അദ്ദേഹത്തിന്റെ ഓഫിസ് വ്യക്തമാക്കിയിരുന്നു. വധശിക്ഷ മാറ്റിവെച്ച വിവരം ആക്ഷന്‍ കൗണ്‍സിലും കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയെ അറിയിക്കും.

Exit mobile version