Site iconSite icon Janayugom Online

ഒമ്പത് വി സിമാരും രാജിവയ്ക്കണം: വിചിത്ര നടപടിയുമായി ഗവര്‍ണര്‍

governorgovernor

ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്തെ ഒമ്പത് വൈസ് ചാന്‍സലര്‍മാര്‍ രാജിവയ്ക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. വി സിമാര്‍ നാളെ രാവിലെ 11.30ന് മുമ്പ് രാജി വയ്ക്കണമെന്നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ആവശ്യം.
നാളെ വിരമിക്കുന്ന കേരള സര്‍വകലാശാലയിലെ വി പി മഹാദേവന്‍ പിള്ള ഉള്‍പ്പെടെയുള്ള ഒമ്പത് വിസിമാര്‍ക്കാണ് രാജ്ഭവന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എം ജി, കുസാറ്റ്, ഫിഷറീസ്, കണ്ണൂര്‍, കാലിക്കറ്റ്, മലയാളം, ശ്രീ ശങ്കരാചാര്യ, എ പി ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലകളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം സാങ്കേതിക സര്‍വകലാശാല വിസി നിയമനം സംബന്ധിച്ചുണ്ടായ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ നീക്കം. ഏതെങ്കിലും നിയമത്തിന്റെയോ ചട്ടത്തിന്റെയോ പിന്‍ബലമില്ലാത്ത നടപടിക്കെതിരെ അക്കാദമിക് സമൂഹം രംഗത്തെത്തി.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം മികവോടെ മുന്നേറുന്നുവെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സികള്‍ പോലും പ്രകീര്‍ത്തിച്ചു തുടങ്ങിയതുമുതലാണ് സംഘപരിവാറിന്റെ അജണ്ട നടത്തിപ്പുകാരനായ ഗവര്‍ണര്‍ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കെതിരെ നീങ്ങിത്തുടങ്ങിയത്. നിയമനങ്ങളില്‍ ചട്ട വിരുദ്ധമായി ഇടപെടുക, അവശ്യ നിയമനിര്‍മാണങ്ങള്‍ പോലും അനാവശ്യമായി വൈകിപ്പിക്കുക, സെര്‍ച്ച് കമ്മിറ്റിയില്‍ സംഘപരിവാര്‍ ആശയക്കാരെ തിരുകിക്കയറ്റുക തുടങ്ങിയ നടപടികളാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായത്. വിസി മാര്‍ക്കെതിരെ ആരോപണമുന്നയിക്കുക, അവരെ അപഹസിക്കുക എന്നിവയും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി.
ആര്‍എസ്എസ് നേതാക്കളെ പോലും കവച്ചുവയ്ക്കുന്ന കുപ്രചരണങ്ങളും സംസ്ഥാന സര്‍ക്കാരിനെതിരെ അദ്ദേഹം നടത്തിക്കൊണ്ടിരുന്നു. ഇതിനെല്ലാമൊടുവിലാണ് അസാധാരണമായ നിര്‍ദ്ദേശമുണ്ടായിരിക്കുന്നത്. ഗവര്‍ണറുടെ ഭാഗത്തുനിന്ന് വീണ്ടും പ്രതികാര നടപടിയുണ്ടായതോടെ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. 

ജനാധിപത്യ വിരുദ്ധം: സിപിഐ(എം)

തിരുവനന്തപുരം: ഗവര്‍ണറുടെ നിര്‍ദ്ദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളേയും ലംഘിക്കുന്നതാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌. നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കനുസൃതമായാണ്‌ വൈസ്‌ ചാന്‍സലര്‍മാരെ നിയമിച്ചിട്ടുള്ളത്‌. നടപടി ഉന്നതവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും സിപിഐ(എം) ചൂണ്ടിക്കാട്ടി. 

Eng­lish Sum­ma­ry: Nine V C s to resign: Gov­er­nor with strange move

You may like this video also

YouTube video player
Exit mobile version