Site iconSite icon Janayugom Online

ഒമ്പത് വയസുകാരി കോമയിലായ വാഹനാപകടം; ഇൻഷുറൻസ് തുക കൈമാറി കമ്പനി

വടകരയില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയുടെ നഷ്ടപരിഹാരത്തുക കൈമാറി. നാഷണൽ ഇൻഷുറൻസ് കമ്പനി 1.15 കോടി രൂപ ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. കുട്ടിയുടെയും അമ്മയുടെയും അക്കൗണ്ടിലേക്കാണ് തുക കൈമാറിയത്. ഏഷ്യാനെറ്റ്‌ ന്യൂസ് ആയിരുന്നു കുട്ടിയുടെ ദുരിതം പുറത്തു കൊണ്ടുവന്നത്. വാർത്തയിൽ ഹൈക്കോടതി കേസെടുത്തത് നിർണ്ണായകമാവുകയും ഈ മാസം 18 ന് വടകര എംഎസിടി കോടതി നഷ്ടപരിഹാരം വിധിക്കുകയുമായിരുന്നു.

ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍, സംഭവം നടന്ന് പത്ത് മാസത്തിന് ശേഷം പൊലീസ് കണ്ടെത്തുകയും വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിയെ നാട്ടിലെത്തിക്കുകയും ചെയ്തത് വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഏഴ് മാസമായിട്ടും കുടുംബത്തിന് അപകട ഇന്‍ഷുറന്‍സ് തുക ലഭിച്ചിരുന്നില്ല.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17 ന് രാത്രിയാണ് വടകര ചോറോട് വെച്ച് ദൃഷാനയെയും മുത്തശ്ശി ബേബിയേയും അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയത്. അപകടത്തിൽ ദൃഷാനയുടെ മുത്തശ്ശി മരിച്ചിരുന്നു.വിദേശത്തേക്ക് കടന്ന പ്രതി പുറമേരി സ്വദേശി ഷെജീലിനെ നാട്ടിലെത്തിച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Exit mobile version