Site iconSite icon Janayugom Online

കേരളത്തില്‍ വീണ്ടും നിപ; ചികിത്സയിലുള്ള രണ്ടുപേർക്കും രോഗബാധ

സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞദിവസമുണ്ടായ രണ്ട് മരണങ്ങൾ നിപ ബാധമൂലമാണെന്ന് പരിശോധനയിൽ കണ്ടെത്തി. ചികിത്സയിലുള്ള രണ്ടുപേർക്കും പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു.
ഓഗസ്റ്റ് 30നാണ് പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിലായിരുന്ന ഒരാൾ മരിച്ചത്. ഇന്നലെ മറ്റൊരു മരണവും സ്ഥിരീകരിച്ചു. 49, 40 വയസുകളുള്ള രണ്ട് പുരുഷന്മാരാണ് മരിച്ചത്. മരുതോങ്കര, ആയഞ്ചേരി സ്വദേശികളാണ് ഇവർ. ഇരുവരുമായും സമ്പർക്കം പുലർത്തിയിരുന്നവരെ ആരോഗ്യവകുപ്പ് നിരീക്ഷിച്ചുവരികയാണ്. സമ്പർക്കമുണ്ടായിരുന്ന 75 പേരുടെ പേരുവിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്.
ശ്വാസകോശത്തെ ബാധിക്കുന്ന കോവിഡിന് സമാനമായ ലക്ഷണങ്ങളാണ് കോഴിക്കോട് ഇപ്പോൾ നിപ ബാധിച്ചവർക്കുണ്ടായിരുന്നത്. അതിനാൽ തന്നെ കോഴിക്കോട് മാസ്ക് നിർബന്ധമാക്കി. ഇനി രണ്ടുപേരുടെ പരിശോധനാ ഫലങ്ങൾ കൂടി പുറത്തുവരാനുണ്ട്. നിപ ലക്ഷണം കണ്ടെത്തിയ നാലുപേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒമ്പത് വയസുള്ള കുട്ടി വെന്റിലേറ്ററിലാണ്. മരിച്ച ആദ്യത്തെയാളുടെ മകനാണ് ഒൻപത് വയസുകാരൻ. ബാക്കിയുള്ളവരുടെ നില ഗുരുതരമല്ല.
പനിയെ തുടർന്ന് മരിച്ച മരുതോങ്കര സ്വദേശിയുടെ ബന്ധുക്കളായ നാലുപേർക്ക് പത്തുദിവസത്തിന് ശേഷം രോഗലക്ഷണങ്ങളുണ്ടായി. മരിച്ച ആളുടെ രണ്ട് മക്കൾ, ഇയാളുടെ ബന്ധു, ബന്ധുവിന്റെ കുഞ്ഞ് എന്നിവരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇവരുടെ രക്തവും സ്രവവും പൂനെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചിരുന്നു. ഇതിൽ രണ്ടുപേരുടെ ഫലങ്ങളാണ് പോസിറ്റീവായത്. പനിയെ തുടർന്ന് ഇന്നലെ മരിച്ച ആയഞ്ചേരി മംഗലാട് സ്വദേശിക്ക് മരുതോങ്കര സ്വദേശിയുമായി സമ്പർക്കമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇയാളുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കേരളത്തിൽ നിപ ബാധ സ്ഥിരീകരിച്ചതായി അറിയിച്ച കേന്ദ്ര ആരോഗ്യ മന്ത്രി മൺസുഖ് മാണ്ഡവ്യ വിഷയത്തില്‍ സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജുമായി ചര്‍ച്ചനടത്തി.
കോഴിക്കോട് ജില്ലയിൽ ആരോഗ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. എല്ലാ ആശുപത്രികളിലും പകർച്ച വ്യാധി നിയന്ത്രണ പെരുമാറ്റ ചട്ടം നിലവിലുണ്ട്. കഴിവതും ആശുപത്രി സന്ദർശനം ഒഴിവാക്കണം. പ്രതിരോധ പ്രവർത്തനങ്ങൾക്കായി 16 ടീമുകളെ ചുമതലപ്പെടുത്തി. മെഡിക്കൽ കോളജിൽ ഐസോലേഷൻ സംവിധാനം ഒരുക്കി. 75 പേരുടെ സമ്പർക്ക പട്ടിക നിലവിൽ തയ്യാറാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
ആരോഗ്യമന്ത്രിയെ കൂടാതെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, എംഎൽഎമാരായ ഇ കെ വിജയൻ, കെ പി കുഞ്ഞമ്മദ് കുട്ടി തുടങ്ങിയവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

Eng­lish Sum­ma­ry: nipah virus con­firmed again in Kerala

You may also like this video

Exit mobile version