Site iconSite icon Janayugom Online

നിപ വൈറസ്‌; രോഗബാധിതരുടെ എണ്ണം ആറായി, 30 പേരുടെ ഫലം നെഗറ്റീവ്‌

ജില്ലയിൽ ഒരാൾക്കുകൂടി നിപ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. പനി ബാധിച്ച്‌ മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന കോഴിക്കോട്‌ കോർപറേഷനില്‍പ്പെട്ട ചെറുവണ്ണൂരിലെ യുവാവിനാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ആദ്യം മരിച്ച മരുതോങ്കര കള്ളാട്‌ സ്വദേശി മുഹമ്മദലിയിൽ നിന്നാണ്‌ രോഗം പകര്‍ന്നത്. മുഹമ്മദലിക്കും നിപാ ബാധിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ തൊണ്ടയിലെ സ്രവം ചികിത്സയിൽ കഴിഞ്ഞ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്നു. ഇതിന്റെ പരിശോധനാഫലമാണ് ഇപ്പോള്‍ പോസിറ്റീവായത്. 

അതേസമയം ഇദ്ദേഹത്തിൽ നിന്നാണ്‌ രോഗവ്യാപനമുണ്ടായതെന്ന്‌ വ്യക്തമായതായി ആരോഗ്യമന്ത്രി വീണാ ജോർജ്‌ പറഞ്ഞു. ഇതോടെ ജില്ലയിൽ രണ്ടുമരണം ഉൾപ്പെടെ നിപാബാധിച്ചവരുടെ എണ്ണം ആറായി. ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്‌. വെന്റിലേറ്ററിലുള്ള ഒമ്പതുവയസ്സുകാരന്റെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്‌.

വ്യാഴാഴ്‌ച പരിശോധിച്ച 30 സാമ്പിളുകളുടെ ഫലം നെഗറ്റീവായി. 1080 പേരാണ്‌ സമ്പർക്ക പട്ടികയിലുള്ളത്‌. ഇതിൽ 29 പേർ അയൽ ജില്ലകളിലുള്ളവരാണ്‌. മലപ്പുറം–-22, കണ്ണൂർ–- 3, വയനാട്‌–- 1, തൃശൂർ–-3 എന്നിങ്ങനെയാണ്‌ കണക്ക്‌. ഇവരെല്ലാം മുഹമ്മദലി ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിൽ ആ സമയത്ത്‌ ഉണ്ടായവരാണ്‌. 327 ആരോഗ്യ പ്രവർത്തകരും പട്ടികയിലുണ്ട്‌. നേരിട്ടു സമ്പർക്കമുള്ളത്‌ (ഹൈ റിസ്‌ക്‌) 175 പേർ. 17 പേർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്‌.

Eng­lish Summary:Nipah virus; The num­ber of infect­ed peo­ple is six and 30 peo­ple have test­ed negative

You may also like this video

Exit mobile version