Site icon Janayugom Online

നിപ: കോഴിക്കോട്ടെ പിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു

നിപ വൈറസ് ബാധയെ തുടർന്ന് സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കേരളാ പബ്ലിക് സർവീസ് കമ്മിഷൻ തിങ്കള്‍ മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനിലേക്കുള്ള ഡ്രൈവർ തസ്തികയുടെ പ്രായോഗിക പരീക്ഷയാണ് കോഴിക്കോട് മേഖലാ ഓഫിസിൽവച്ച് തിങ്കൾ മുതൽ നടത്താൻ നിശ്ചയിച്ചിരുന്നത്.

കോഴിക്കോട് ജില്ലാ പിഎസ്‌സി ഓഫിസിൽ വച്ച് ഈയാഴ്ച (സെപ്റ്റംബർ ആറു മുതൽ 10 വരെ) നടത്താൻ നിശ്ചയിച്ച സർട്ടിഫിക്കറ്റ് പരിശോധനയും സർവീസ് പരിശോധനയും മുഖാമുഖവും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കുമെന്ന് പിഎസ്‌സി അധികൃതര്‍ അറിയിച്ചു. അതേസമയം, കൊല്ലം, എറണാകുളം മേഖലാ ഓഫിസുകളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഡ്രൈവർ തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷകൾക്ക് മാറ്റമില്ലെന്നും അറിയിപ്പില്‍ പറയുന്നു.

കോഴിക്കോട് ഞായറാഴ്ച രാവിലെ മരിച്ച 12 വയസുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്. നാല് മന്ത്രിമാരുടെയും കളക്ടറുടെയും സാന്നിധ്യത്തിൽ ശനിയാഴ്ച രാത്രി അടിയന്തരയോഗം ചേർന്നിരുന്നു. ആക്‌ഷൻ പ്ലാൻ തയാറാക്കുകയും സ്ക്വാഡുകളെ സജ്ജമാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് യോഗം വിലയിരുത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജ് അടക്കമുള്ള ആശുപത്രികളിൽ അടിയന്തര ചികിത്സാസൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ നടപടി പുരോഗമിക്കുന്നു. കോഴിക്കോടിനു പുറമെ മലപ്പുറം, കണ്ണൂർ ജില്ലകളിലും ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു.

Exit mobile version