Site iconSite icon Janayugom Online

മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയില്‍ നിന്ന് നിര്‍മ്മലാ സീതാരാമന്‍ പിന്‍മാറി

nirmala sitaramannirmala sitaraman

സംസ്ഥാനത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ബഹിഷ്കരിച്ച് കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ള ബിജെപി ദേശീയ നേതാക്കള്‍. ഇന്നലെ തലസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയില്‍ നിന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പിന്‍മാറി.
തിരുവനന്തപുരം മണ്ഡലം സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഇന്നലെ രാവിലെ കവടിയാർ വിമൻസ് ക്ലബ്ബിൽ സംഘടിപ്പിച്ച അനന്തപുരി മഹിളാ കൂട്ടായ്മയില്‍ നിന്നാണ് നിര്‍മ്മലാ സീതാരാമന്‍ പിന്‍മാറിയത്. സ്ഥാനാർത്ഥിയും പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. രാവിലെ 10ന് നടത്താന്‍ തീരുമാനിച്ചിരുന്ന പരിപാടിയില്‍ നിര്‍മ്മലാ സീതാരാമന്‍ വരില്ലെന്ന് അറിയിപ്പ് ലഭിച്ചതോടെ ഉച്ചയോടെ തമിഴ്‌നാട്ടിൽ നിന്നുള്ള ബിജെപി വനിതാ നേതാവ് ഉദ്ഘാടനം ചെയ്തു.

തലസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളെയും ദേശീയ നേതാക്കള്‍ അവഗണിക്കുന്നതായുള്ള പരാതിക്കിടെയാണ് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയില്‍ നിന്ന് കേന്ദ്രമന്ത്രിയുടെ പിന്‍മാറ്റം. കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും തിരുവനന്തപുരത്തെത്തി താമസിച്ച് മടങ്ങിയെങ്കിലും സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തില്ല. നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കും രണ്ട് മന്ത്രിമാരും തയ്യാറായില്ല.
രാജ്നാഥ് സിങ് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ താമസിച്ചശേഷം പത്തനംതിട്ട, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുത്ത് തിരിച്ചുപോയി. അമിത്ഷായും ഇതേ രീതിയിൽ കന്യാകുമാരിയിലെ ബിജെപി സ്ഥാനാർത്ഥിയുടെ പര്യടനത്തിൽ പങ്കെടുത്ത് മടങ്ങി. നെയ്യാറ്റിൻകരയിൽ തെരഞ്ഞെടുപ്പ് റോഡ് ഷോയ്ക്ക് അമിത്‌ഷാ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം പിൻമാറിയിരുന്നു. സംസ്ഥാനത്തെ പ്രചാരണപരിപാടികളില്‍ ദേശീയ നേതാക്കള്‍ എത്താത്തതില്‍ നേതാക്കളും പ്രവര്‍ത്തകരും അമര്‍ഷത്തിലാണ്.

Eng­lish Summary:Nirmala Sithara­man pulled out of the pre-sched­uled event
You may also like this video

Exit mobile version