Site iconSite icon Janayugom Online

നിതീഷിനെ നിഷ്കാസനം ചെയ്യുന്ന ഭരണമാറ്റ രാഷ്ട്രീയം തുറന്നുകാട്ടുന്നത്

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തൽസ്ഥാനത്തുനിന്നും നീക്കംചെയ്ത് ബിജെപി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നു. സ്ഥാനത്യാഗം ചെയ്യുന്ന നിതീഷിന് ആശ്വാസമെന്നോണം അദ്ദേഹത്തിന്റെ മകന് ബിജെപി നേതൃത്വം നൽകുന്ന മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായിട്ടുള്ള വാർത്തകളാണ് ഇതെഴുതുമ്പോൾ വന്നുകൊണ്ടിരിക്കുന്നത്. തങ്ങളുടെ അധീശത്വം ഉറപ്പിക്കാൻ കൂട്ട ശിശുഹത്യകളടക്കം എന്തുംചെയ്യാൻ മടിക്കാത്ത സ്വേച്ഛാധിപതികൾ അരങ്ങുവാഴുന്ന കാലത്താണ് നാം ജീവിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ശിശു ഘാതകനായ സയണിസ്റ്റ് ബെഞ്ചമിൻ നെതന്യാഹുവും ബോംബുകളും മിസൈലുകളും ഡ്രോണുകളും തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കായി മനുഷ്യരാശിയുടെ മേൽ പ്രയോഗിക്കുമ്പോൾ ഇന്ത്യ ദർശിക്കുന്നത് ഏറ്റവും നിന്ദ്യവും ഹീനവുമായ രാഷ്ട്രീയ കൗടില്യത്തിന്റെയും വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും വിഭജനത്തിന്റെയും പ്രയോഗമാണ്.

ഉത്തർപ്രദേശിലും മധ്യപ്രദേശിലും ആസാമിലും ജമ്മുകശ്മീരിലും ഗുജറാത്തിലുമടക്കം തങ്ങൾ വിദ്വേഷ രാഷ്ട്രീയത്തിലൂടെ അധികാരം കയ്യാളുന്നിടത്തെല്ലാം പ്രതിയോഗികൾക്കും വിയോജിക്കുന്നവർക്കും മതന്യുനപക്ഷങ്ങൾക്കും എതിരെ അവർ ഇഡി, എൻഐഎ മുതൽ സായുധ സേനാവിഭാഗങ്ങൾ തുടങ്ങി ബുൾഡോസറുകൾ വരെ ആയുധമാക്കുന്നു. നിതീഷ് കുമാറിനെ ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നിഷ്കാസനം ചെയ്യാനുള്ള മോഡി, ഷാ കൂട്ടുകെട്ടിന്റെ ഇപ്പോഴത്തെ നീക്കം ഒരു രാഷ്ടീയ ബുൾഡോസർ പ്രയോഗമാണെന്ന് ചരിത്രം നിസംശയം വിലയിരുത്തും. നിതീഷിനെ തൽസ്ഥാനത്തുനിന്നും നീക്കുന്നതിന്റെ പിന്നിൽ താൽക്കാലിക രാഷ്ട്രീയ നേട്ടങ്ങൾക്കപ്പുറം ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനും നിലവിലുള്ള സംസ്ഥാനങ്ങളെ വെട്ടിമുറിച്ച് തങ്ങളുടെ സമ്പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാനുമുള്ള കുത്സിത ഭൗമരാഷ്ട്രീയ ലക്ഷ്യവും ഉൾപ്പെട്ടിരിക്കുന്നു എന്നുവേണം വിലയിരുത്താൻ.

ബിഹാറിലെ പശ്ചിമബംഗാളിനോട് ചേർന്നുള്ള അഞ്ചുജില്ലകളെയും പശ്ചിമബംഗാളിന്റെ ‘കോഴിക്കഴുത്ത്’ എന്നുവിശേഷിപ്പിക്കപ്പെടുന്ന ‘സിലിഗുരി ഇടനാഴിയും’ ഉൾപ്പെട്ട രണ്ട് ജില്ലകളെയും കൂട്ടിച്ചേർത്ത് ഇന്ത്യയുടെ ഒമ്പതാമത്തെ കേന്ദ്രഭരണപ്രദേശം രൂപീകരിക്കാനുള്ള മോഡി-ഷാ പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്. അതിന് വഴിയൊരുക്കുകയാണ് നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കിയുള്ള ‘ഭരണമാറ്റ’ത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. രാജ്യത്ത് മുസ്ലിം ജനസംഖ്യ ഭൂരിപക്ഷ ഹിന്ദുജനതയ്ക്ക് ഭീഷണിയായി വളർന്നുകൊണ്ടിരിക്കുന്നുവെന്ന, അടിസ്ഥാനരഹിത, ഹിന്ദുത്വവാദ ആഖ്യാനത്തെ സാധൂകരിക്കലാണ് ഈ നടപടിയിലൂടെ പ്രതിഫലിക്കുന്നത്. മുസ്ലിം വിരുദ്ധതയാണ് ബിജെപി പ്രതിനിധീകരിക്കുന്ന വടക്കുകിഴക്കൻ ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുഖമുദ്ര. ബംഗാളിൽ ബിജെപിയെ ശക്തമായി ചെറുക്കുന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ രാഷ്ട്രീയ നിലനില്പിൽ നിർണായകമാണ് ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിം ജനവിഭാഗങ്ങൾ. ബിഹാറിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് പിടിമുറുക്കണമെങ്കിൽ മുസ്ലിം ജനതയെ ഒറ്റപ്പെടുത്തേണ്ടതുണ്ട്. 2016 മുതൽ അസമിൽ ബിജെപി രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്താണ് മുസ്ലിം വിരുദ്ധത. ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിങ്ങൾ ഒന്നടങ്കം ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന ആഖ്യാനത്തിലാണ് വടക്കുകിഴക്കൻ മേഖലയിലെ ബിജെപി-ഹിന്ദുത്വ രാഷ്ട്രീയം നങ്കൂരമുറപ്പിച്ചിരിക്കുന്നത്. സംസ്ഥാനങ്ങൾക്ക് ഗണ്യമായ രാഷ്ട്രീയ, സാമ്പത്തിക, ജനാധിപത്യ അവകാശങ്ങൾ ഉറപ്പുനൽകുന്ന ഫെഡറൽ ജനാധിപത്യ സംവിധാനത്തെ മറികടന്ന് മതന്യുനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുക ശ്രമകരമാണെന്ന് മോഡി-ഷാ കൂട്ടുകെട്ട് തിരിച്ചറിയുന്നു. അത്തരമൊരു സാഹചര്യത്തിൽ ഭരണഘടനയെയും അതുറപ്പുനൽകുന്ന ഫെഡറൽ ജനാധിപത്യത്തെയും മറികടന്ന് ഒരു ഭൂപ്രദേശത്തെയാകെ കേന്ദ്രഭരണ നിയന്ത്രണത്തിൽ കൊണ്ടുവരികയാണ് നിർദിഷ്ട കേന്ദ്രഭരണപ്രദേശമെന്ന ബിജെപിയുടെ ഭൗമരാഷ്ട്രീയ ലക്ഷ്യം.

ദേശീയ പൗരത്വ രജിസ്റ്റർ (എൻസിആർ), പൗരത്വ ഭേദഗതി നിയമം (സിഎഎ) തുടങ്ങിയവയെല്ലാം ലക്ഷ്യംവെക്കുന്നത് മുസ്ലിം മത ന്യുനപക്ഷത്തെയാണ്. ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിങ്ങൾ ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരാണെന്ന ആഖ്യാനവും അവരെ കൂട്ടത്തോടെ രാജ്യത്തുനിന്നും പുറന്തള്ളണമെന്ന ആവശ്യവും മോഡിയും ഷായും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമടക്കം ബിജെപി-ഹിന്ദുത്വ നേതൃത്വം നിരന്തരം ആവർത്തിക്കുന്ന ഒന്നാണ്. ഇപ്പോൾ പൂർത്തിയാവുന്ന പ്രത്യേക വോട്ടർപട്ടിക പരിശോധന(എസ്‌ഐആര്‍)യുടെ ലക്ഷ്യവും മറ്റൊന്നല്ല. ബംഗാളി ഭാഷ സംസാരിക്കുന്ന കുടിയേറ്റത്തൊഴിലാളികളെ കൂട്ടത്തോടെ പിടികൂടി യാതൊരു പരിശോധനയും കൂടാതെ നാടുകടത്തുന്ന ക്രൂരസംഭവങ്ങൾ രാജ്യത്തിന്റെ പലഭാഗത്തും ഇതിനകം അരങ്ങേറുകയുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന അസമിലും പശ്ചിമബംഗാളിലും ഈ വിദ്വേഷരാഷ്ട്രീയം തെരഞ്ഞെടുപ്പിലെ മുഖ്യരാഷ്ട്രീയ വിഷയമായി ബിജെപി മാറ്റിക്കഴിഞ്ഞു. ഹിമന്ത ബിശ്വ ശർമയുടെ വിദ്വേഷ രാഷ്ട്രീയം എല്ലാ രാഷ്ട്രീയ മര്യാദകളെയും മനുഷ്യാവകാശ നിയമങ്ങളെയും മാനദണ്ഡങ്ങളെയും മറികടന്ന് പരുഷവും ഉച്ചസ്ഥായിയിലുമായി മാറിയിരിക്കുന്നു.

സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിലാകെ പരാജയമടയുന്ന ബിജെപി രാഷ്ട്രീയത്തിന് നിലനില്പിനുള്ള ഏകമാർഗം വിദ്വേഷത്തിന്റെയും വിഭജനത്തിന്റേതും മാത്രമായി മാറിയിരിക്കുന്നു. അതാണ് നിതീഷിനെ കയ്യൊഴിയാനും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ അട്ടിമറിച്ച് വിഭജിക്കുന്ന ഹീനമായ ഭൗമരാഷ്ട്രീയപാത അവലംബിക്കാനും ജനസംഖ്യാപരമായ വ്യാജ ആഖ്യാനങ്ങളിലൂടെയും മതപരമായ വിദ്വേഷ പ്രചാരണത്തിലൂടെ ജനതയുടെയും രാജ്യത്തിന്റെയും ഐക്യം തകർക്കാനും മോഡിഭരണത്തെ നിർബന്ധിതമാക്കുന്നത്.

Exit mobile version