Site iconSite icon Janayugom Online

ബിജെപിയിൽ വെട്ടിനിരത്തൽ; നിതിൻ ഗഡ്കരി പുറത്ത്

ബിജെപിയുടെ ഉന്നതതല തീരുമാനങ്ങളെടുക്കുന്ന സമിതികളിൽ നിന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെയും ഒഴിവാക്കി. പാർലമെന്ററി ബോർഡിൽ നിന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ നിന്നും ഇരുവരും പുറത്തായി. അതേസമയം മാനദണ്ഡം മറികടന്ന് കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ പാർലമെന്ററി ബോർഡിൽ ഉൾപ്പെടുത്തുകയും ചെയ്തു. 

പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, പാർട്ടി അധ്യക്ഷന്മാർ എന്നിവരെ തീരുമാനിക്കുന്ന ഉന്നത സംഘടനാ സംവിധാനമാണ് പാർലമെന്ററി ബോർഡ്. മുൻ അധ്യക്ഷന്മാരെ സമിതിയിൽ നിലനിർത്തുന്നതായിരുന്നു കീഴ്‍വഴക്കം. അത് മറികടന്നാണ് മുൻ അധ്യക്ഷൻ ഗഡ്കരിയെ സുപ്രധാന സമിതിയിൽ നിന്ന് ഒഴിവാക്കിയത്. മറ്റൊരു മുൻ അധ്യക്ഷൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാർലമെന്ററി ബോർഡിൽ ഉൾപ്പെട്ടിട്ടുമുണ്ട്. ശക്തമായ ആർഎസ്എസ് പിന്തുണയുള്ള പ്രധാന നേതാവാണ് ഗഡ്കരി.

അദ്ദേഹത്തെ ഒഴിവാക്കിയ നടപടിയോട് ആർഎസ്എസ് നേതൃത്വം ഏത് രീതിയിൽ പ്രതികരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയവൃത്തങ്ങൾ. യുപിയിലെ വിജയത്തിന്റെ പശ്ചാത്തലത്തിൽ ആദിത്യനാഥിനെ ഉന്നതാധികാര സമിതിയിൽ ഉൾപ്പെടുത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പരിഗണിക്കപ്പെട്ടില്ല. ബി എസ് യെദ്യൂരപ്പ, സുധ യാദവ്, ഇഖ്ബാൽ സിങ് ലാൽപുര, സർബാനന്ദ സോനോവാൾ, കെ ലക്ഷ്മൺ, സത്യനാരായണ ജാതിയ എന്നിവരാണ് പുതിയതായി ഉൾപ്പെട്ടത്. ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയാണ് ബോർഡിന് നേതൃത്വം വഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി എൽ സന്തോഷ് എന്നിവരും അംഗങ്ങളാണ്. 

77കാരനായ ബിഎസ് യെദ്യൂരപ്പ സമിതിയിൽ ഉൾപ്പെട്ടതും പാർട്ടിയിലെ ഒരു വിഭാഗത്തെ ഞെട്ടിച്ചിരിക്കുകയാണ്. പാർട്ടിയുടെ മുതിർന്ന നേതാക്കളായ എൽ കെ അഡ്വാനി, യശ്വന്ത് സിൻഹ എന്നിവരെ ഒഴിവാക്കാൻ മോഡി-അമിത്ഷാ സഖ്യം നിശ്ചയിച്ച പ്രായപരിധിയായ 75 വയസ് പിന്നിട്ടയാളാണ് യെദ്യൂരപ്പ. ആഭ്യന്തര തർക്കങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെദ്യൂരപ്പയെ മാറ്റിയിരുന്നു. പദവി നഷ്ടമായത് മുതൽ നേതൃത്വവുമായി കടുത്ത അകൽച്ചയിലാണ് അദ്ദേഹം. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ നിയമനം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‍നാവിസ്, ഭൂപേന്ദ്ര യാദവ്, ഓം മാത്തൂർ എന്നിവരെയാണ് പുതിയതായി ഉൾപ്പെടുത്തിയത്. 15 അംഗ സമിതിയിൽ നിന്നും ഷാനവാസ് ഹുസൈൻ, ജുവൽ ഒറാം എന്നിവർ പുറത്തായി. 

Eng­lish Summary:Nitin Gad­kari is out in bjp
You may also like this video

Exit mobile version