Site iconSite icon Janayugom Online

നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും; രാജ്യസഭയിലേക്കെന്ന് സൂചന

ബിഹാർ രാഷ്ട്രീയത്തിൽ വലിയൊരു അധികാരമാറ്റത്തിന്റെ സൂചനകൾ നൽകിക്കൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാർ തന്റെ പദവി രാജിവയ്ക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സംസ്ഥാന ഭരണത്തിൽ നിന്നും മാറി ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ജനതാദൾ (യുണൈറ്റഡ്) അധ്യക്ഷനായ അദ്ദേഹം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ പത്രിക സമർപ്പിച്ചേക്കുമെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ബിഹാറിൽ നിന്നുള്ള അഞ്ച് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം സജീവമായിരിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണെങ്കിൽ ബിഹാർ രാഷ്ട്രീയത്തിൽ വലിയ ഭരണപരമായ മാറ്റങ്ങൾക്കും ഇത് വഴിതുറക്കും. നിതീഷ് കുമാറിന് പകരം എൻഡിഎ സഖ്യത്തിൽ നിന്ന് ആര് മുഖ്യമന്ത്രിയാകും എന്നതിനെച്ചൊല്ലിയുള്ള ചർച്ചകൾ പാട്‌നയിൽ സജീവമായിക്കഴിഞ്ഞു. നിതീഷ് കുമാർ മുഖ്യമന്ത്രി പദം ഒഴിയുമ്പോൾ ബിഹാറിലെ മുഖ്യമന്ത്രി കസേര ബിജെപിക്ക് വിട്ടുകൊടുക്കേണ്ടി വരുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്ന പ്രധാന ചോദ്യം. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, ജെഡിയു സംസ്ഥാനത്ത് ബിജെപിയുടെ ജൂനിയർ പാർട്ണറായി മാറുമോ എന്ന ആശങ്ക ഒരു വിഭാഗം പ്രവർത്തകർക്കുണ്ട്.

നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്നും അദേഹത്തിന് മന്ത്രിസഭയിൽ നിർണായക സ്ഥാനം ലഭിച്ചേക്കുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ ഉപമുഖ്യമന്ത്രിയായിട്ടുള്ള ബിജെപിയുടെ സമ്രാട് ചൗധരിയെ മുഖ്യമന്ത്രി സ്ഥാനത്തേക്കും, നിശാന്ത് കുമാറിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കും പരിഗണിക്കുന്നതായും സൂചനകളുണ്ട്.

Exit mobile version