Site iconSite icon Janayugom Online

പ്രതിപക്ഷത്തിന്റെ രോഗത്തിന് സഭയില്‍ ‘അടിയന്തര’ ചികിത്സ

പത്ത് വര്‍ഷമായി അധികാരത്തിന് പുറത്തിരിക്കുന്നതിന്റെ വെപ്രാളത്തില്‍ കെട്ടിപ്പൊക്കിയ അപവാദപ്രചരണങ്ങള്‍ക്ക് നിയമസഭയില്‍ കനത്ത മറുപടി കിട്ടിയതോടെ പ്രതിപക്ഷം മുഖം രക്ഷിക്കാന്‍ ഒളിച്ചോടി. ചില സംഭവങ്ങള്‍ പര്‍വതീകരിച്ച് കേരളത്തിലെ ആരോഗ്യമേഖലയുടെ മുന്നേറ്റം മറച്ചുവയ്ക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ ശ്രമം.

സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ നടപ്പിലാക്കിയ സമഗ്രവികസനപ്രവര്‍ത്തനങ്ങളും കേരളം നേടിയ ദേശീയ‑അന്തര്‍ദേശീയ അംഗീകാരങ്ങളുമെല്ലാം ഭരണപക്ഷാംഗങ്ങള്‍ അക്കമിട്ട് നിരത്തിയതോടെ പ്രതിപക്ഷവാദങ്ങളുടെ മുനയൊടിഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആശുപത്രിക്കിടക്കയില്‍ നിന്ന് ജീവനുംകൊണ്ട് ഓടിയ രോഗികളുടെ കാര്യം കൂടി ഓര്‍മ്മിപ്പിച്ചതോടെ പ്രതിപക്ഷാംഗങ്ങള്‍ക്ക് ശബ്ദമില്ലാതായി.

വിളപ്പില്‍ശാല സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ നിന്ന് യഥാസമയം ആവശ്യമായ ചികിത്സ കിട്ടാത്തതുകൊണ്ടാണ് ബിസ്മീര്‍ എന്ന യുവാവ് മരിച്ചതെന്ന ആരോപണത്തിന്റെ പേരിലാണ് പ്രതിപക്ഷം ഇന്നലെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. കേരളത്തിലെ ആരോഗ്യമേഖലയില്‍ ഏറ്റവും മികച്ച വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയും നൂതനങ്ങളായ ചികിത്സാ സൗകര്യങ്ങളൊരുക്കിയും മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ ആത്മവിശ്വാസത്തോടെ ചര്‍ച്ചയ്ക്ക് തയ്യാറാവുകയായിരുന്നു. ഇതോടെ, ചര്‍ച്ചയ്ക്ക് അനുമതി നിഷേധിക്കുമെന്നും അതുപറഞ്ഞ് ഇറങ്ങിപ്പോയി മാധ്യമങ്ങളുടെ മുന്നില്‍ പ്രചരണം നടത്താമെന്നുമുള്ള പ്രതിപക്ഷത്തിന്റെ മോഹം പൊളിഞ്ഞു.

തുടര്‍ന്ന് പ്രമേയം ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ മുതല്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടതുപോലെയായിരുന്നു പ്രതിപക്ഷനിരയുടെ ശരീരഭാഷ. ചര്‍ച്ചയ്ക്കിടയില്‍ പ്രമേയ അവതാരകന്‍ ഉള്‍പ്പെടെ, പ്രതിപക്ഷാംഗങ്ങളില്‍ ഭൂരിഭാഗവും സീറ്റിലില്ലാത്തതും ശ്രദ്ധേയമായി.

വിളപ്പില്‍ശാല ആശുപത്രിയിലെത്തി രണ്ട് മിനിട്ടിനുള്ളില്‍ യുവാവിന് ചികിത്സ നല്‍കിയിരുന്നുവെന്നും, ഏഴ് മിനിട്ടുകൊണ്ട് പ്രാഥമിക ചികിത്സ നല്‍കി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെന്നും സിസിടിവിയില്‍ നിന്ന് വ്യക്തമായിട്ടും കേരളത്തിലെ ആരോഗ്യമേഖലയെ തകര്‍ക്കാന്‍ വ്യാജപ്രചരണങ്ങള്‍ക്ക് കോപ്പുകൂട്ടുകയായിരുന്നു പ്രതിപക്ഷം. എന്നാല്‍ വസ്തുതകളെല്ലാം ചര്‍ച്ചയില്‍ വ്യക്തമാകുകയും യുഡിഎഫിന്റെ കാലത്തെ കെടുകാര്യസ്ഥത തുറന്നുകാട്ടപ്പെടുകയും ചെയ്തതോടെ പ്രതിപക്ഷാംഗങ്ങള്‍ ഒടുവില്‍ ഇറങ്ങിപ്പോയി മുഖം രക്ഷിച്ചു.

പി സി വിഷ്ണുനാഥാണ് പ്രതിപക്ഷത്തിനുവേണ്ടി പ്രമേയം അവതരിപ്പിച്ചത്. ഡി കെ മുരളി, മാത്യു കുഴല്‍നാടന്‍, ഇ കെ വിജയന്‍, പി ഉബൈദുള്ള, പ്രമോദ് നാരായണ്‍, മോന്‍സ് ജോസഫ്, ശാന്തകുമാരി കെ, എം രാജഗോപാലന്‍, തോമസ് കെ തോമസ്, പി പി ചിത്തരഞ്ജന്‍, കെ വി സുമേഷ്, സുജിത്ത് വിജയന്‍പിള്ള, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, വീണാ ജോര്‍ജ് എന്നിവര്‍ മറുപടി നല്‍കി.

Exit mobile version