Site iconSite icon Janayugom Online

വെടിനിര്‍ത്തലില്ല, ഇത് യുദ്ധത്തിനുള്ള സമയം: നെതന്യാഹു

netanyahunetanyahu

ഗാസയില്‍ വെടിനിര്‍ത്തല്‍ ആഹ്വാനം തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇത് യുദ്ധത്തിനുള്ള സമയമാണെന്ന് പ്രഖ്യാപിച്ച നെതന്യാഹു വെടിനിര്‍ത്തല്‍ ഹമാസിന് കീഴടങ്ങുന്നതിന് തുല്യമാണെന്നും വ്യക്തമാക്കി. യുദ്ധം ജയിക്കുന്നതുവരെ ഇസ്രയേൽ പോരാട്ടം തുടരുമെന്നും നെതന്യാഹു പറഞ്ഞു. ഹമാസ് തടവിലാക്കിയവരുടെ കുടുംബാഗങ്ങളുമായി നെതന്യാഹു കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ശത്രുവിനെ താഴെ നിന്നും മുകളിൽ നിന്നും നേരിടും എന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പ്രഖ്യാപിച്ചത്.
നീണ്ടതും പ്രയാസമേറിയതുമായ സൈനിക നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്നാണ് നെതന്യാഹു ടെൽ അവീവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ബന്ദികളെ മോചിപ്പിക്കാൻ എല്ലാ ശ്രമവും തുടരുമെന്ന് പറയുമ്പോഴും ആക്രമണം ബന്ദികളുടെ ജീവൻ അപകടത്തിലാക്കുന്നു എന്നാണ് കുടുംബാംഗങ്ങളുടെ ആശങ്ക. അതേസമയം ആക്രമണം കടുപ്പിച്ചാൽ ബന്ദികളുടെ മോചനത്തിന് ഹമാസ് നിർബന്ധിതരാകുമെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ വിശദീകരണം.

വെടിനിർത്തൽ ആഹ്വാനത്തെ എതിർക്കുന്നുണ്ടെങ്കിലും ഗാസയിലേക്ക് സഹായം ലഭിക്കുന്നതിന് താൽക്കാലികമായി വെടിനിർത്തൽ പരിഗണിക്കണമെന്നും യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.
ഗാസ മുനമ്പിൽ കൂടുതൽ മരണങ്ങൾ തടയാനും ആവശ്യമായ മാനുഷിക സാധനങ്ങൾ അനുവദിക്കുന്നതിനും വേണ്ടി ഡോക്ടേർസ് വിത്തൗട്ട് ബോർഡേർസും വെടിനിർത്തൽ ആഹ്വാനം ചെയ്തിട്ടുണ്ട്. ലോക നേതാക്കളുടെ ഇടപെടൽ മന്ദഗതിയിലാണെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആശുപത്രികൾ രോഗികളാൽ നിറഞ്ഞിരിക്കുന്നു. കൃത്യമായ അനസ്തേഷ്യയില്ലാതെയാണ് ശസ്ത്രക്രിയകൾ നടത്തുന്നത്. മോർച്ചറികളിലും മൃതദേഹങ്ങൾ നിറയുകയാണ്, ഡോക്ടേർസ് വിത്തൗട്ട് ബോർഡേർസ് പറയുന്നു. 

അതേസമയം മാനുഷിക വെടിനിർത്തലിനുള്ള ആഹ്വാനങ്ങൾ സുരക്ഷാ കൗൺസിൽ അടിയന്തര യോഗത്തിൽ യുഎൻ സഹായ ഏജൻസികൾ ആവർത്തിച്ചു. ഗാസയിലെ സ്ഥിതി മണിക്കൂറുകൾ കഴിയുന്തോറും കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് യുണിസെഫ് പറഞ്ഞു. ഗാസയിൽ വെടിനിർത്തണമെന്ന് ഐക്യരാഷ്ട്ര സഭ മേധാവി അന്റോണിയോ ഗുട്ടെറസ് ഇസ്രയേലിനോട് വീണ്ടും അഭ്യർത്ഥിച്ചു. ഗാസയിലെ സ്ഥിതി വളരെ രൂക്ഷമാണെന്നും വെടിനിർത്തലിലൂടെ രക്തച്ചൊരിച്ചിലിന്റെ പേടി സ്വപ്നം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: No cease­fire, it’s time for war: Netanyahu

You may also like this video

Exit mobile version