Site iconSite icon Janayugom Online

വെടിനിര്‍ത്തലില്ല; വീണ്ടും കരയുദ്ധഭീഷണി

gazagaza

ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം 10 ദിവസം പിന്നിടുമ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുന്നു. ഗാസയില്‍ മാനുഷിക സഹായമെത്തിക്കുന്നതിനും വിദേശികള്‍ക്ക് പുറത്തേക്ക് കടക്കുന്നതിനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുവെന്ന വാര്‍ത്തയുമായാണ് ഇന്നലെ സൂര്യനുദിച്ചത്. എന്നാല്‍ ദക്ഷിണഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് ഇസ്രയേലും ഗാസയും പിന്നീട് സ്ഥിരീകരിച്ചു. 

വെടിനിര്‍ത്തലില്ല, ഇങ്ങനെ ഒരു ഒറ്റവാചക സന്ദേശം മാത്രമാണ് ഇന്നലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് പുറത്തുവിട്ടത്. പിന്നാലെ ഹമാസ് പ്രതിനിധി ഇസാദ് എല്‍ റഷീക്വ് ഇതു സ്ഥിരീകരിച്ചു. ഈജിപ്റ്റിനും ഗാസയ്ക്കും ഇടയിലുള്ള റാഫാ അതിര്‍ത്തി അടഞ്ഞുതന്നെ കിടക്കുമെന്നും റഷീക്വ് പറഞ്ഞു. രാവിലെ ഒമ്പത് മണി മുതല്‍ റാഫാ അതിര്‍ത്തി താല്‍ക്കാലികമായി തുറന്നുനല്‍കാന്‍ ധാരണയായെന്ന് ഈജിപ്റ്റ്യന്‍ സുരക്ഷാസേനയാണ് സഹായ ഏജസികളെയും മാധ്യമങ്ങളെയും അറിയിച്ചത്. ഗാസയിലേക്ക് സഹായവുമായെത്തിയ ട്രക്കുകളുടെ നീണ്ടനിരയാണ് റാഫാ അതിര്‍ത്തിയില്‍. ഈജിപ്റ്റില്‍ നിന്നുള്ള ഏതാനും യുഎന്‍ ട്രക്കുകള്‍ക്ക് മാത്രമാണ് ഗാസയിലേക്ക് പ്രവേശിക്കാന്‍ ഇന്നലെ അനുമതി നല്‍കിയതെന്ന് മനുഷ്യാവകാശ വൃത്തങ്ങള്‍ അറിയിച്ചു. 

ഏതുനിമിഷവും കരയുദ്ധം ആരംഭിക്കുമെന്നാണ് ഇസ്രയേല്‍ രണ്ട് ദിവസമായി മുന്നറിയിപ്പ് നല്‍കുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് തീരുമാനത്തില്‍ നിന്ന് പിന്മാറിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അന്താരാഷ്ട്രതലത്തിലുള്ള എതിര്‍പ്പും ഇറാന്റെ ഉള്‍പ്പെടെ ഭീഷണിയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇസ്രയേലിന്റെ മനംമാറ്റമെന്നും സൂചനകളുണ്ട്. ഗാസ മുനമ്പില്‍ ഇസ്രയേലിന്റെ സമ്പൂര്‍ണ ഉപരോധവും ബോംബ് വര്‍ഷവും തുടരുന്നതിനാല്‍ ഭക്ഷണം, കുടിവെള്ളം, മരുന്നുകള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടുകയാണ്.
ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം 10 ലക്ഷം പേര്‍ പലായനം ചെയ്തുവെന്നാണ് യുഎന്‍ ഏജന്‍സികള്‍ കണക്കാക്കുന്നത്. ഗാസയിലുണ്ടായ ആക്രമണത്തില്‍ 2750 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇസ്രയേല്‍ തകര്‍ത്ത കെട്ടിടങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: No cease­fire; Threat of land war again

You may also like this video

Exit mobile version