Site iconSite icon Janayugom Online

ചെയർമാൻമാരില്ല, അംഗങ്ങളില്ല; ന്യൂനപക്ഷ ക്ഷേമസ്ഥാപനങ്ങൾ നിശ്ചലം

രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി രൂപീകരിച്ച ദേശീയ സമിതികളും കമ്മിഷനുകളും നാഥനില്ലാ കളരിയായി മാറുന്നു. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കേണ്ട ഉന്നത സ്ഥാപനങ്ങളിൽ ചെയർമാൻമാരെയോ അംഗങ്ങളെയോ നിയമിക്കാതെ കേന്ദ്ര സർക്കാർ ബോധപൂർവ്വം അവഗണിക്കുകയാണെന്ന വിമർശനം ശക്തമായി. മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ ആറ് ഔദ്യോഗിക ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കേണ്ട സ്ഥാപനങ്ങളാണ് നിലവിൽ പ്രവർത്തനരഹിതമായിരിക്കുന്നത്. 1978‑ൽ സ്ഥാപിതമായ ദേശീയ ന്യൂനപക്ഷ കമ്മിഷനിൽ ചെയർമാൻ സ്ഥാനം ഒഴിഞ്ഞിട്ട് ഒരു വർഷം പിന്നിടുന്നു. 2025 ഏപ്രിലിൽ ഇഖ്ബാൽ സിങ് ലാല്പുര സ്ഥാനമൊഴിഞ്ഞ ശേഷം പുതിയ നിയമനം നടന്നിട്ടില്ല. വൈസ് ചെയർപേഴ്സണും അംഗങ്ങളുമില്ലാത്തതിനാൽ കമ്മിഷന്റെ പരാതി പരിഹാര സംവിധാനങ്ങൾ പൂർണമായും നിലച്ചു.

ന്യൂനപക്ഷ പദവിയുള്ള വിദ്യാലയങ്ങളുടെ തർക്കങ്ങൾ പരിഹരിക്കേണ്ട ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷനില്‍ 2023 മുതൽ ചെയർമാൻ പദവി ഒഴിവാണ്. മൂന്ന് അംഗങ്ങൾ വേണ്ട സമിതിയിൽ നിലവിൽ ഒരംഗം മാത്രമാണുള്ളത്. ഡെപ്യൂട്ടി സെക്രട്ടറി തലം മുതലുള്ള ഉദ്യോഗസ്ഥ നിയമനങ്ങളും സർക്കാർ മരവിപ്പിച്ചിരിക്കുകയാണ്. 20 അംഗങ്ങളുണ്ടാകേണ്ട കേന്ദ്ര വഖഫ് കൗൺസിൽ കഴിഞ്ഞ മൂന്ന് വർഷമായി പുനസംഘടിപ്പിച്ചിട്ടില്ല. വഖഫ് ഭൂമി സംബന്ധിച്ച വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും സമിതിയെ നിശ്ചലമാക്കിയിരിക്കുകയാണ്. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ 2025 മാർച്ച് ഒന്ന് മുതൽ ചെയർമാനോ അംഗങ്ങളോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ഇത് വരാനിരിക്കുന്ന ഹജ്ജ് തീർത്ഥാടനത്തിന്റെ ഒരുക്കങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം.

ന്യൂനപക്ഷ വിഭാഗങ്ങളിലെ സംരംഭകർക്കും വിദ്യാർത്ഥികൾക്കും വായ്പയും ധനസഹായവും ലഭ്യമാക്കുന്ന ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ വെബ്സൈറ്റിൽ ചെയർമാന്റെയോ അംഗങ്ങളുടെയോ വിവരങ്ങളില്ല. പ്രവർത്തനക്ഷമമായ നേതൃത്വം ഇല്ലാത്തത് സാധാരണക്കാരായ ഗുണഭോക്താക്കളെ വലിയ പ്രതിസന്ധിയിലാക്കുന്നു. മൗലാന ആസാദ് എജ്യുക്കേഷൻ ഫൗണ്ടേഷൻ നിർത്തലാക്കിയതിന് പിന്നാലെ ബാക്കിയുള്ള സ്ഥാപനങ്ങളും പ്രവർത്തനരഹിതമാക്കുന്നത് ന്യൂനപക്ഷ ക്ഷേമ പ്രവർത്തനങ്ങളെ അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നു. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന വിവേചനത്തെക്കുറിച്ച് അന്താരാഷ്ട്ര സംഘടനകൾ ആശങ്ക പ്രകടിപ്പിക്കുന്നതിനിടയിലാണ് ഇത്തരം സ്ഥാപനങ്ങളുടെ തകർച്ച. നിയമപരമായ സംരക്ഷണം നൽകേണ്ട കമ്മിഷനുകൾ തന്നെ ഇല്ലാതാകുന്നത് ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ വര്‍ധിപ്പിക്കാൻ കാരണമാകുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

Exit mobile version