Site iconSite icon Janayugom Online

പനാമ കനാലിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല; ട്രംപിന് താക്കീതുമായി ഹോസെ റൗൾ മുളിനോ

പാനമ കനാലിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പാനമ പ്രസിഡന്റ് ഹോസെ റൗൾ മുളിനോ. പനാമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന യു എസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനക്കുള്ള മറുപടിയിലാണ് ഹോസെ റൗൾ മുളിനോ നയം വ്യക്തമാക്കിയത് . പാനമ കനാലിന്റെ ഓരോ ചതുരശ്ര മീറ്ററും അനുബന്ധ മേഖലയും പാനമയുടേതാണെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും വിട്ടുവീഴ്ചയ്ക്കുള്ളതല്ല.

ലോകത്ത് എവിടെയാണെങ്കിലും പാനമയുടെ പൗരന്മാർ ആ വികാരം ചങ്കിൽ കൊണ്ടുനടക്കുന്നവരാണ്. അതു ഞങ്ങളുടെ പോരാട്ട ചരിത്രത്തിന്റെ ഭാഗമാണെന്നും മുളിനോ പറഞ്ഞു .പാനമ കനാലിലൂടെ പോകുന്ന കപ്പലുകൾക്ക് അന്യായനിരക്ക് ഈടാക്കുന്ന നടപടി നിർത്തണമെന്ന് ആവശ്യപ്പെട്ട കൂട്ടത്തിലാണ് കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടി വരുമെന്നു ട്രംപ് പാനമയ്ക്കു മുന്നറിയിപ്പ് നൽകിയത്. കനാലിലൂടെ പോകുന്നതിന് യുഎസ് കപ്പലുകൾക്ക് പാനമ നിരക്ക് ഉയർത്തിയിരുന്നു. ഇതോടെയാണ് സഖ്യരാജ്യമായ പാനമയ്ക്കു ട്രംപ് മുന്നറിയിപ്പ് നൽകിയത്.

മുളിനോയുടെ കുറിപ്പിന് ട്രൂത്ത് സോഷ്യൽ എന്ന സമൂഹമാധ്യമത്തിലൂടെ ട്രംപ് നൽകിയ മറുപടി നമുക്കത് കാണാം എന്നതായിരുന്നു. പസഫിക് –അറ്റ്ലാന്റിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ തിരക്കേറിയ കപ്പൽ പാതയാണ് മധ്യ അമേരിക്കൻ രാജ്യമായ പാനമയിലെ കനാൽ. 1914ലാണ് യുഎസ് പാനമ കനാലിന്റെ നിർമാണം പൂർത്തിയാക്കിയത്. 1977‑ൽ പ്രസിഡന്റ് ജിമ്മി കാർട്ടർ ഒപ്പുവച്ച കരാറിലൂടെ കനാലിന്റെ നിയന്ത്രണം പാനമയ്ക്കു നൽകുകയായിരുന്നു. 1999‑ൽ കനാലിന്റെ നിയന്ത്രണം പൂർണമായും പാനമ ഏറ്റെടുത്തു.

Exit mobile version