Site icon Janayugom Online

അവിശ്വാസപ്രമേയം മോഡി ഭരണം പ്രതിരോധത്തില്‍

പാർലമെന്റിന്റെ വർഷകാല സമ്മേളനം ശബ്ദമുഖരിതവും സംഭവബഹുലവുമായാണ് മുന്നേറുന്നത്. കൂട്ടപലായനവും കൊലപാതകങ്ങളും വ്യാപകമായ തീവയ്പും സ്ത്രീകൾക്കെതിരായ കൊടിയ അതിക്രമങ്ങളുമായി മൂന്നുമാസത്തോളമായി തുടരുന്ന മണിപ്പൂരിലെ വംശീയ കലാപത്തെപ്പറ്റി പ്രസ്താവനയ്ക്കോ ചർച്ചയ്ക്കോ വിസമ്മതിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജനാധിപത്യവിരുദ്ധമായ പിടിവാശി പാർലമെന്റിന്റെ ഇരുസഭകളുടെയും പ്രവർത്തനം പ്രഹസനമാക്കി മാറ്റിയിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ വേണം പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയ പ്രതിപക്ഷനീക്കം വിലയിരുത്തപ്പെടേണ്ടത്. 26 പ്രതിപക്ഷപാർട്ടികളുടെ പുതുതായി രൂപംകൊണ്ട ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ, ഇൻക്ലൂസിവ് അലയൻസ് അഥവ ‘ഇന്ത്യ’ മുന്നണിക്കുവേണ്ടി കോൺഗ്രസ് പാർട്ടിയുടെ ലോക്‌സഭയിലെ ഉപനേതാവ് ഗൗരവ് ഗൊഗോയ്‌ ആണ് ബുധനാഴ്ച അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുള്ളത്. ‘ഇന്ത്യ’സഖ്യത്തിലോ ബിജെപി നേതൃത്വം നൽകുന്ന 38 പാർട്ടികൾ ഉൾപ്പെട്ട എൻഡിഎസഖ്യത്തിലോ ഉൾപ്പെടാത്ത ഭാരത്‌രാഷ്ട്രസമിതി (ബിആര്‍എസ്) പാർട്ടിയും മോഡി സർക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. രാജ്യസഭയിലും മോഡി സർക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകുന്നത് സംബന്ധിച്ച് സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ചേംബറിൽ ഇന്നലെ ചേർന്ന ‘ഇന്ത്യ’ സഖ്യകക്ഷി നേതാക്കളുടെ യോഗത്തിലും ധാരണയായിട്ടുണ്ട്. ലോക്‌സഭാ സ്പീക്കർ ഓംബിർള അവിശ്വാസപ്രമേയം അംഗീകരിക്കുകയും ചർച്ചയ്ക്കായി സമയം നിശ്ചയിക്കാനായി മാറ്റുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സ്പീക്കർക്ക് 10ദിവസം വരെ സമയമെടുക്കാം. വർഷകാല സമ്മേളനം സമാപിക്കാൻ ഇനിയും പന്ത്രണ്ട് ദിവസംകൂടി അവശേഷിക്കുന്നുണ്ട്.

 


ഇതുകൂടി വായിക്കൂ; ഉഭയകക്ഷി വ്യാപാര വ്യവസ്ഥയും ഇന്ത്യയും


മോഡി സർക്കാരിനെതിരെ ഇതിനുമുമ്പ് ഒരു അവിശ്വാസ പ്രമേയം വന്നത് 2018 ജൂലൈയിലാണ്. ആന്ധ്രാപ്രദേശിനെതിരെ വിവേചനം ആരോപിച്ച് അന്ന് തെലുങ്കുദേശം പാർട്ടിയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അന്ന് ആ പ്രമേയത്തെ അതിജീവിക്കാൻ മോഡി സർക്കാരിന് കഴിഞ്ഞിരുന്നു. ഇത്തവണയും ബിജെപിയുടെ അംഗബലം കണക്കിലെടുക്കുമ്പോൾ അവിശ്വാസപ്രമേയം സഭയിൽ വിജയിക്കില്ലെന്നത് അനിഷേധ്യ വസ്തുതയാണ്. എന്നാൽ, ദാരുണമായ മണിപ്പൂർ കലാപത്തെപ്പറ്റി ഒരു വാക്കുപോലും പാർലമെന്റിൽ ഉച്ചരിക്കില്ലെന്ന പ്രധാനമന്ത്രിയുടെ ധാർഷ്ട്യത്തെ മറികടക്കാൻ പ്രതിപക്ഷത്തിന് കഴിയും. ‘ഇന്ത്യ’സഖ്യത്തിന്റെ 144നെതിരെ 332 സീറ്റുകളുമായി എൻഡിഎയ്ക്ക് 188 സീറ്റുകളുടെ ഭൂരിപക്ഷം ലോക്‌സഭയിലുണ്ട്. ബിജു ജനതാദൾ അടക്കം ഇരുസഖ്യങ്ങളിലും പെടാത്ത പാർട്ടികളുടെ അവിശ്വാസത്തോടുള്ള നിലപാട് ഇനിയും വ്യക്തമല്ല. എന്നാൽ ‘ഇന്ത്യ’സഖ്യം ഇതിനകം ബിജെപിയുടെ പാളയത്തിൽ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ടെന്ന് നരേന്ദ്രമോഡിയുടെയും മറ്റു നേതാക്കളുടെയും പ്രതികരണങ്ങളിൽനിന്നു വ്യക്തമാണ്. മണിപ്പൂരിൽ ശമിക്കാൻ വിസമ്മതിച്ച് ആളിപ്പടരുന്ന വംശീയകലാപത്തെയും അതിൽ മോഡി-ബീരേൻ ഇരട്ടഎൻജിൻ സർക്കാരുകളുടെ പങ്കും കലാപം നിയന്ത്രിക്കുന്നതിൽ ഇരുസർക്കാരുകൾക്കുമുണ്ടായ പരാജയവും തുറന്നുകാട്ടാനുള്ള അവസരമായി അവിശ്വാസചർച്ച മാറ്റാൻ പ്രതിപക്ഷത്തിന് കഴിയും. മണിപ്പൂർ കലാപത്തിന്റെ മൂലകാരണമായ ഭൂമിയുടെ പ്രശ്നവും അത് വ്യാവസായിക ആവശ്യങ്ങൾക്കായി വൻതോതിൽ പിടിച്ചെടുക്കാൻ മോഡി സർക്കാരിന്റെ ഒത്താശയോടെ കുത്തക കോർപറേറ്റുകൾ നടത്തുന്ന ഗൂഢശ്രമങ്ങളും തുറന്നുകാട്ടാനുള്ള അവസരംകൂടിയായി ചർച്ചകൾ മാറുമെന്നും പ്രതീക്ഷിക്കാം.


ഇതുകൂടി വായിക്കൂ;‘സേവ് മണിപ്പൂർ’ ജനകീയ കൂട്ടായ്മ


‘ഇന്ത്യ’സഖ്യ രൂപീകരണം പ്രതിപക്ഷത്തുണ്ടാക്കിയ കൂട്ടായ പ്രവർത്തനത്തിനുള്ള സന്നദ്ധതയും അത് നൽകുന്ന ആത്മവിശ്വാസവും വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷനിരയിൽ പ്രകടമാണ്. മോഡി ഭരണകൂടവും ഭരണകക്ഷിയും പ്രതിരോധത്തിലാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും വിജയിച്ചതിലെ നെഗളിപ്പിന്റെ സ്ഥാനത്താണ് ഇപ്പോഴത്തെ പ്രതിരോധാവസ്ഥ. ഒരു സർക്കാരിനും ശാശ്വതമായ നിലനില്പില്ലെന്ന വസ്തുത വിശാല സംഘ്പരിവാർ വൃത്തങ്ങൾ തിരിച്ചറിയുന്നുണ്ട്. അധികാരത്തിലെത്താൻ പാർലമെന്റിലെ ഭൂരിപക്ഷം അനിവാര്യമെങ്കിലും ആ ജനാധിപത്യ സ്ഥാപനത്തെ മാനിക്കാത്ത മോഡിയുടെ സ്വേച്ഛാധിപത്യ പ്രവണതയ്ക്ക് ഇപ്പോഴത്തെ അവിശ്വാസ ചർച്ച ഒരു താക്കീതാവും. പാർലമെന്റ് എക്സിക്യൂട്ടീവിന്റെ ചെയ്തികളെ പരിശോധിക്കാനും നിയന്ത്രിക്കാനുമുള്ള ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമം കൂടിയാണ് നടത്തുന്നത്. അവിശ്വാസ ചർച്ച ആരാണ് ബിജെപിയെയും അവരുടെ തെറ്റായ നയപരിപാടികളെയും എതിർക്കുന്ന യഥാർത്ഥ പ്രതിപക്ഷം എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരം കൂടിയാണ്. ‘ഇന്ത്യ’സഖ്യത്തിലെ യഥാർത്ഥ ജനാധിപത്യ, മതനിരപേക്ഷ ശക്തികളുടെ ഐക്യം അരക്കിട്ടുറപ്പിക്കാനും അതിനെ കരുതലോടെ വികസിപ്പിച്ച് മുന്നോട്ടുനയിക്കാനുമുള്ള അവസരംകൂടിയാണ് അവിശ്വാസ ചർച്ച ഘടകകക്ഷികൾക്ക് നൽകുന്നത്. ആത്യന്തികമായി പാർലമെന്റ്, ജനാധിപത്യത്തിലെ മുഖ്യ പോരാട്ടഭൂമിയാണ്.

Exit mobile version