Site iconSite icon Janayugom Online

വായുമലിനീകരണം മരണകാരണമെന്നതിന് ഡാറ്റയില്ല: കേന്ദ്രം

രാജ്യത്ത് വർധിച്ചു വരുന്ന വായുമലിനീകരണം മരണങ്ങൾക്കും രോഗങ്ങൾക്കും കാരണമാകുന്നു എന്ന് തെളിയിക്കുന്ന കൃത്യമായ ഡാറ്റ ലഭ്യമല്ലെന്ന് കേന്ദ്രസർക്കാർ. തലസ്ഥാന നഗരമായ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ വലിയ ആശങ്കകൾ നിലനിൽക്കെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഈ വിശദീകരണം. ശ്വാസകോശ രോഗങ്ങൾക്കും അനുബന്ധ അസുഖങ്ങൾക്കും കാരണമാവുന്ന ഘടകങ്ങളിൽ ഒന്നുമാത്രമാണ് വായുമലിനീകരണമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാദവ് പാർലമെന്റിൽ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് എം പി ഡെറക് ഒബ്രയന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.

വായുമലിനീകരണത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ സംബന്ധിച്ച് ഡെറക് ഒബ്രയൻ സർക്കാരിനോട് നിരവധി നിർണായക ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. മന്ത്രി പ്രതാപ് റാവു ജാദവ് ഈ ചോദ്യങ്ങൾക്ക് നേരിട്ടുള്ള കണക്കുകൾ നൽകുന്നതിനു പകരം, ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്ന് വിശദീകരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. പ്രശ്നം പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാർ സ്വീകരിച്ച നിരവധി നടപടികളും മന്ത്രി വിശദീകരിക്കുന്നു. അതേസമയം അടുത്തിടെ പുറത്തുവന്ന സ്വതന്ത്ര ആരോഗ്യ പഠനങ്ങളും അന്താരാഷ്ട്ര ഏജൻസികളും വായുമലിനീകരണവും മരണനിരക്കും തമ്മിൽ ശക്തമായ ബന്ധമുള്ളതായി ചൂണ്ടിക്കാണിച്ചിരുന്നു. 

Exit mobile version