Site iconSite icon Janayugom Online

വധശിക്ഷാ ഹര്‍ജികളില്‍ തീരുമാനമില്ല; വിയോജിപ്പറിയിച്ച് സുപ്രീം കോടതി

വധശിക്ഷാ ഹര്‍ജികളില്‍ തീരുമാനം വൈകുന്നതില്‍ കടുത്ത വിയോജിപ്പറിയിച്ച് സുപ്രീം കോടതി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടും ഉത്തരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ വൈകുന്നത് നിയമത്തെ പരിഹസിക്കലാണെന്നും ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, പങ്കജ് മിത്തല്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
രാജ്യത്താകെ ജില്ലാ കോടതികളില്‍ 8,87,572 വധശിക്ഷാ ഹര്‍ജികളാണ് കെട്ടിക്കിടക്കുന്നത്. അത് ആശങ്ക ഉയര്‍ത്തുന്നു. 2025 മാര്‍ച്ച് ആറിന് പെരിയമ്മാള്‍ കേസില്‍ വധശിക്ഷാ ഹര്‍ജികള്‍ തീര്‍പ്പാക്കാന്‍ ആറു മാസത്തെ സമയപരിധി നിശ്ചയിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവ് പാലിക്കുന്നുണ്ടോ. ഉത്തരവിന് ശേഷം ഈ വര്‍ഷം മാര്‍ച്ച് വരെ 3.38 ലക്ഷം ഹര്‍ജികളില്‍ തീര്‍പ്പുണ്ടായി. എന്നാല്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ഭീതിദമാണെന്നും കോടതി പറഞ്ഞു.
ബോംബെ (3.41 ലക്ഷം), മദ്രാസ് (86,148) കേരളം (82,997), ആന്ധ്ര പ്രദേശ് (68,137) എന്നിങ്ങനെയാണ് ഹൈക്കോടതികളില്‍ നിന്നും ലഭിച്ച കണക്കുകള്‍ പ്രകാരം കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം. ഇത്തരത്തില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം വലിയ തോതില്‍ തുടരുകയാണ്.
കെട്ടിക്കിടക്കുന്ന ഇത്തരം കേസുകളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ഹൈക്കോടതികളോട് ആവശ്യപ്പെട്ട കോടതി തീര്‍പ്പാകാത്ത വധശിക്ഷാ ഹര്‍ജികള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഫലപ്രദമായ നടപടികള്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേസ് 2026 ഏപ്രില്‍ 10 ന് കോടതി വീണ്ടും പരിഗണിക്കും. 

Exit mobile version