Site iconSite icon Janayugom Online

എതിർപ്പുകളുണ്ടെന്നു കരുതി ഒരു വികസന പദ്ധതിയും ഉപേക്ഷിക്കില്ല: മുഖ്യമന്ത്രി

എതിർപ്പുകളുണ്ടെന്നു കരുതി ജനങ്ങൾക്കാവശ്യമുള്ള ഒരു വികസന പദ്ധതിയും ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോ വേണ്ട എന്നതാണ് യുഡിഎഫ് നിലപാട്. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ എന്നതാണ് ചോദ്യം. കഴിഞ്ഞ അഞ്ചുവർഷം വികസനപ്രവർത്തനങ്ങൾ മാറ്റിവച്ചിരുന്നെങ്കിൽ കേരളത്തിന്റെ സ്ഥിതി എന്താകുമായിരുന്നുവെന്ന് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ എമ്മിന്റെ ആഭിമുഖ്യത്തിൽ പിണറായി പാറപ്രത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ 82ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കേരളത്തിന്റെ ഭാവികൂടി കണ്ടാണ് അർധഅതിവേഗ റയിൽ പാത വിഭാവനം ചെയ്തത്. എൽഡിഎഫിന്റെ കാലത്ത് അത്തരമൊരു പദ്ധതി വേണ്ടെന്ന് മാത്രമാണ് യുഡിഎഫിന്റെ ഉള്ളിലിരിപ്പ്. കോവളം മുതൽ ബേക്കൽ വരെയുള്ള ജലപാതയും യാഥാർത്ഥ്യമാവുകയാണ്. അത് വരുന്നതോടെ ടൂറിസം മേഖലയിലുൾപ്പെടെ വൻ കുതിച്ചുചാട്ടമുണ്ടാകും. തീരദേശപാതയും മലയോര ഹൈവേയും കേരളത്തിന്റെ വികസനത്തിൽ മറ്റൊരു നാഴികക്കല്ലാവുകയാണ്. നവകേരളസൃഷ്ടിയുടെ ഭാഗമാണിത്. ഞങ്ങൾ ഇതിന്റെ കൂടെയില്ലെന്നാണ് ചിലർ പറയുന്നത്. നേരത്തെ കൂടെയുണ്ടായിരുന്നവർ പോലും ഇങ്ങനെ പറയുന്നവരോടൊപ്പം ഇപ്പോഴില്ല. തെറ്റായ കാര്യങ്ങളാണ് വികസനപ്രവർത്തനങ്ങൾക്കെതിരെ ബോധപൂർവം പ്രചരിപ്പിക്കുന്നത്. എന്നാൽ ശരിയായ കാര്യങ്ങൾ ജനങ്ങൾ മനസിലാക്കുവെന്നതാണ് അനുഭവങ്ങൾ വ്യക്തമാക്കുന്നത്. 

വർഗീയ പാർട്ടികൾക്ക് അഴിഞ്ഞാടാൻ കഴിയാത്ത സംസ്ഥാനമെന്ന നിലയിലാണ് കേരളം തലയുയർത്തി നിൽക്കുന്നത്. രാജ്യത്ത് ആർഎസ്എസ് ഉണ്ടാക്കുന്നത് ഭീതിജനകമായ സാഹചര്യമാണ്. ഇതിനെ നേരിടാൻ ഞങ്ങൾക്ക് കരുത്തുണ്ട് എന്ന നിലയിലാണ് എസ്ഡിപിഐ നീക്കം. വർഗീയതയെ മതനിരപേക്ഷത കൊണ്ടാണ് നേരിടേണ്ടത്. മുസ് ലിം ലീഗും രാഷ്ട്രീയ പാർട്ടിയെന്ന സ്വഭാവം വിട്ട് മറ്റൊരു മേലങ്കി അണിയാൻ ശ്രമിക്കുന്ന കാഴ്ചയും നമ്മൾ കണ്ടു. എൽഡിഎഫിനൊപ്പം ജനങ്ങൾ അണിനിരക്കുന്നത് എങ്ങിനെ തകർക്കാമെന്ന നീക്കത്തിന്റെ ഭാഗമാണ് വർഗീയത ഇളക്കിയുള്ള ഇത്തരം നീക്കങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ENGLISH SUMMARY:No devel­op­ment project will be aban­doned on the pre­text of oppo­si­tion: CM
You may also like this video

Exit mobile version