രണ്ടുവര്‍ഷത്തോളമായി സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ അടിച്ചമര്‍ത്തലിന് കേന്ദ്ര നീക്കം. ഈമാസം എട്ട് മുതല്‍ ജനങ്ങള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാകണമെന്നും അതിനുവേണ്ട യാത്രാസൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സുരക്ഷാ സേനയ്ക്ക് നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തടസങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഏത് വിധേനയും സംസ്ഥാനത്ത് പൂര്‍ണസമാധാനം പുനഃസ്ഥാപിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും രാജ്യ തലസ്ഥാനത്ത് വിളിച്ചുചേര്‍ത്ത അവലോകനയോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഇരുവിഭാഗങ്ങളെയും കൂടിക്കാഴ്ചയ്ക്ക് വിളിച്ച് പ്രശ്നം ചര്‍ച്ച ചെയ്ത് രമ്യമായി പരിഹരിക്കണമെന്ന ആവശ്യം നിലനില്‍ക്കെയാണ് പുതിയ തീരുമാനം.
പരസ്പരം പോരടിക്കുന്ന മെയ്തി, കുക്കി വിഭാഗങ്ങള്‍ പലയിടങ്ങളിലും ഗതാഗത തടസമുള്‍പ്പെടെ സൃഷ്ടിക്കുന്നത് തുടരുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ ഏകപക്ഷീയ നടപടികള്‍ കൂടുതല്‍ സംഘര്‍ഷത്തിന് കാരണമായേക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് സാധാരണനില കൈവരിക്കുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി ബിരേന്‍ സിങ് പാര്‍ട്ടിക്കകത്തും പുറത്തും ഒറ്റപ്പെട്ടതിനാല്‍ രാജിവച്ചിരുന്നു. ബിജെപിയില്‍ സമവായമുണ്ടാക്കാന്‍ സാധിക്കാതിരുന്നതിനാല്‍ പകരം മുഖ്യമന്ത്രിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് ജനാധിപത്യം അട്ടിമറിച്ച് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു. മണിപ്പൂരിന്റെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഇരുവശത്തും വേലികള്‍ നിര്‍മ്മിക്കുന്നത് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും സംസ്ഥാനം ലഹരിമുക്തമാക്കാന്‍ മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട എല്ലാ കണ്ണികളും ഇല്ലാതാക്കണമെന്നും യോഗം നിര്‍ദേശിച്ചു.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ തപന്‍ ദേക, കരസേന ഉപമേധാവി, കരസേന കിഴക്കന്‍ കമാന്‍ഡ് കമാന്‍ഡര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. അതിനിടെ രാഷ്ട്രപതി ഭരണത്തിന്റെ മറവില്‍ ഉപദേശകനായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ അജയ‍്കുമാര്‍ ഭല്ലയും ഏകപക്ഷീയമായാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നു. കലാപകാരികള്‍ കൈവശംവയ്ക്കുന്ന ആയുധങ്ങള്‍ തിരിച്ചേല്‍പ്പിക്കുന്നതിന് സമയപരിധി നിശ്ചയിച്ചതിനുശേഷം മെയ്തി വിഭാഗത്തിലെ അരംബൈ ടെങ്കോള്‍ എന്ന സംഘനയുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തിയതാണ് വിമര്‍ശനത്തിനിടയാക്കിയത്. തീവ്ര സായുധ വിഭാഗമായ അരംബൈ ടെങ്കോള്‍ ആണ് സംസ്ഥാനത്തെ വ്യാപക ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളെന്നാണ് കുക്കി — സോ വിഭാഗം ആരോപിക്കുന്നത്. കൂടിക്കാഴ്ചയില്‍ ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് അവര്‍ കൂടുതല്‍ ആയുധങ്ങള്‍ തിരിച്ചേല്‍പ്പിച്ചതെന്നും കുറ്റപ്പെടുത്തി.
അനധികൃതവും കൊള്ളയടിച്ചതുമായ ആയുധങ്ങള്‍ കൈവശമുള്ളവര്‍ കഴിഞ്ഞ മാസം 20ന് മുമ്പ് തിരിച്ചേല്‍പിക്കണമെന്നാണ് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയത്. ഇത് പിന്നീട് ഈ മാസം ആറ് വരെ നീട്ടി. ഇതിനിടെ ഇന്ന് സംസ്ഥാനത്ത് ആക്രമസംഭവങ്ങളുണ്ടായി.

