Site icon Janayugom Online

സിൽവർലൈൻ പദ്ധതിക്ക് മുൻകൂർ പാരിസ്ഥിതിക അനുമതി വേണ്ടെന്ന് കേന്ദ്ര സർക്കാർ

കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ കേരള റയിൽ ഡവലപ്മെന്റ് കോർപറേഷന്റെ (കെ-റയിൽ) സിൽവർലൈൻ പദ്ധതിക്ക് മുൻകൂർ പാരിസ്ഥിതിക അനുമതി വേണ്ടെന്ന് കേന്ദ്ര സർക്കാർ ദേശീയ ഹരിത ട്രൈബ്യൂണലിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പാരിസ്ഥിതിക അനുമതി കിട്ടുന്നതിനു മുമ്പ്, സിൽവർ ലൈൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പി ആർ ശശികുമാർ സമർപ്പിച്ച ഹർജിയുമായി ബന്ധപ്പെട്ട കേസിലാണ് സത്യവാങ്മൂലം.

കാസർകോട് മുതൽ തിരുവനന്തപുരം വരെ 530 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ഇരട്ടപ്പാതയാണ് നിർദ്ദിഷ്ട സിൽവർലൈൻ പദ്ധതി. നാല് മണിക്കൂറിനുള്ളിൽ കാസർകോടുനിന്ന് തിരുവനനന്തപുരത്ത് എത്താമെന്നതാണ് പദ്ധതിയുടെ സവിശേഷത. വിവിധ വികസന പദ്ധതികളുടെ പാരിസ്ഥിതിക ആഘാത പഠനം സംബന്ധിച്ച് 2006ൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ റയിൽവേയോ റയിൽവേ പദ്ധതികളോ ഉൾപ്പെടുന്നില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. 

സമ്പൂർണ ഹരിത പദ്ധതിയായി വിഭാവന ചെയത് സിൽവർ ലൈനുമായി ബന്ധപ്പെട്ട് സമഗ്ര പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് കെ-റയിൽ ഇക്യുഎംഎസ് ഇന്ത്യ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പതിനാല് മാസത്തിനുള്ളിൽ പഠന റിപ്പോർട്ട് സമർപ്പിക്കാനാണ് ധാരണ. സിൽവർലൈൻ സമ്പൂർണ ഹരിത പദ്ധതിയായിരിക്കുമെന്ന് കെ-റയിൽ അധികൃതർ നേരത്തെ ഹരിത ട്രൈബ്യൂണൽ മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. പാരിസ്ഥിതികസാമൂഹിക അവസ്ഥകൾ നിരീക്ഷിക്കാൻ കർക്കശ സംവിധാനങ്ങളുള്ള ധനകാര്യ ഏജൻസികളാണ് പദ്ധതിക്ക് ധനസഹായം നൽകുന്നതെന്നും കെ-റയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

Eng­lish Sum­ma­ry : no envi­ron­men­tal per­mis­sion required for k rail says cen­tral government

You may also like this video :

Exit mobile version