സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ നിന്ന് പലായനം വര്‍ധിക്കുന്നു. വിദഗ്ധരായ തൊഴിലാളികളും തൊഴിലന്വേഷകരുമാണ് രാജ്യം വിടുന്നതില്‍ ഭൂരിഭാഗവും. വിദഗ്ധ തൊഴിലാളികളുടെ അമിതമായ പലായനം ശ്രീലങ്കയുടെ സാമ്പത്തിക വീണ്ടെടുക്കൽ ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. നൈപുണ്യമുള്ള കുടിയേറ്റ തൊഴിലാളികൾ രാജ്യം വിടുന്ന പ്രവണത ഉയർന്നുവരുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോളിസി സ്റ്റഡീസിലെ കുടിയേറ്റ നഗരവല്കരണ നയഗവേഷണ വിഭാഗം മേധാവി ബിലേഷ വീരരത്‌നെ പറഞ്ഞു. മെഡിക്കല്‍, സോഫ്റ്റ്‍വേര്‍ എന്‍ജിനീയറിങ്, ശാസ്ത്രജ്ഞര്‍ എന്നിവരാണ് കൂടുതലായും വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പട്ടെന്നാണ് രാജ്യം വിടുന്ന പൗരന്മാരുടെ പ്രതികരണം.
2020‑ലെയും 2021‑ലെയും ആദ്യ ആറ് മാസങ്ങളിൽ യഥാക്രമം 40,581, 30,797 ആളുകളാണ് രാജ്യം വിട്ടത്. എന്നാൽ 2022‑ലെ ആദ്യ ആറ് മാസങ്ങളിൽ ഇത് 1,13,140 ആയി. സർക്കാർ കണക്കുകൾ പ്രകാരം 2022ലെ ആദ്യ അഞ്ച് മാസങ്ങളിൽ ശ്രീലങ്ക 2,88,645 പാസ്‌പോർട്ടുകളാണ് നൽകിയത്. കഴിഞ്ഞ വർഷം ഇത് 91,331 ആയിരുന്നു. പ്രതിഭകളെ നിലനിർത്താനുള്ള ശ്രമത്തിൽ, വൻകിട വിദേശ സ്ഥാപനങ്ങൾക്ക് പിന്തുണ നൽകുന്ന ഐടി കമ്പനികൾ പ്രാദേശിക ശമ്പളം വിദേശ കറൻസികളുമായി ബന്ധിപ്പിക്കാൻ തുടങ്ങി.
എന്നാൽ കറൻസി മാറ്റം കാര്യമായി സഹായിച്ചിട്ടില്ലെന്ന് വിദഗ്ധര്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കാലയളവില്‍ വിദേശങ്ങളില്‍ ജോലി ചെയ്യാനും രാജ്യത്തെ ബാങ്കുകളിലേക്ക് പണം നിക്ഷേപിക്കാനും ശ്രീലങ്കന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ശ്രീലങ്കയുടെ വിദേശനാണ്യത്തിന്റെ പ്രധാന സ്രോതസാണ് പ്രവാസികളുടെ പണമയ്ക്കല്‍. 2018ഓടെ, രാജ്യത്തിന് ഏഴ് ബില്യൺ ഡോളറിലധികം തുക ഇത്തരത്തില്‍ ലഭിച്ചു. ഇത് മൊത്ത ആഭ്യന്തര വരുമാനത്തിന്റെ എട്ട് ശതമാനം വരും. വസ്ത്ര വ്യവസായം, ഐടി, തേയില, തേങ്ങ, റബ്ബർ, സുഗന്ധവ്യഞ്ജനങ്ങൾ, ടൂറിസം എന്നിവയാണ് മറ്റ് വിദേശ കറൻസി ദേശീയ നാണയ വരുമാന സ്രോതസുകള്‍.
English Summary:No fuel, no hope in government; Migration in Sri Lanka
You may also like this video