Site iconSite icon Janayugom Online

ഈദ്ഗാഹ് മൈതാനിയില്‍ ഗണേശോത്സവം വേണ്ട: സുപ്രീം കോടതി

തര്‍ക്ക ഭൂമിയായ ഈദ്ഗാഹ് മൈതാനിയില്‍ ഗണേശോത്സവ ആഘോഷങ്ങള്‍ നടത്താനുള്ള കര്‍ണാടക സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. പ്രദേശത്ത് തല്‍സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്. ഇന്ന് നടക്കുന്ന ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ പന്തലടക്കമുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയതിനു പിന്നാലെയാണ് സുപ്രീം കോടതിയില്‍ തിരിച്ചടി നേരിട്ടത്. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, അഭയ് എസ് ഒക, എം എം സുന്ദരേഷ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

ചാമരാജ്പേട്ടിലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശോത്സവ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ഈ മാസം 26നാണ് കര്‍ണാടക ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയത്. ഈദ്ഗാഹില്‍ തല്‍സ്ഥിതി തുടരണമെന്ന് 25ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. മൈതാനം കളിസ്ഥലമായും സര്‍ക്കാരിന്റെയും കോര്‍പറേഷന്റെയും സ്വാതന്ത്ര്യ, റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കും വേണ്ടി മാത്രമേ ഉപയോഗിക്കാവൂ എന്നും കോടതി പറഞ്ഞിരുന്നു.
ഈ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഗണേശോത്സവ ആഘോഷങ്ങള്‍ നടത്താന്‍ ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയത്. ഇതിനെ ചോദ്യം ചെയ്ത് വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വ്യത്യസ്ത നിരീക്ഷണങ്ങള്‍ വന്നതോടെ ആദ്യം ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാന്‍ഷു ധൂലിയ എന്നിവരുടെ ബെഞ്ച് വിഷയം ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ചീഫ് ജസ്റ്റിസാണ് ഹര്‍ജി മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. 

മതന്യൂനപക്ഷങ്ങൾക്ക് അവരുടെ അവകാശങ്ങൾ ഇതുപോലെ ചവിട്ടിമെതിക്കപ്പെടുമെന്ന ധാരണ നൽകരുതെന്ന് വഖഫ് ബോര്‍ഡിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ സുപ്രീം കോടതിയില്‍ പറഞ്ഞു. മറ്റൊരു സ്ഥലത്ത് സര്‍ക്കാരിന് ആഘോഷങ്ങള്‍ സംഘടിപ്പിച്ചുകൂടെ എന്ന് സുപ്രീം കോടതി ചോദിച്ചു. പന്തലുകളും മറ്റും നിര്‍മ്മിക്കുന്നതിനായി അനുമതി നല്‍കിയിട്ടുണ്ടെന്നും ഹര്‍ജി നാളെകഴിഞ്ഞ് പരിഗണിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതി അംഗീകരിച്ചില്ല. സുപ്രീം കോടതി വിധിക്ക് പിന്നാലെ ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനവുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈക്കോടതി രാത്രി പത്ത് മണിയോടെ അടിയന്തര സിറ്റിങ് നടത്തി. ജസ്റ്റിസ് അശോക് എസ് കിനാഗിയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

Eng­lish Summary:No Ganesh Fes­ti­val at Eidgah Maid­an: Supreme Court
You may also like this video

Exit mobile version