Site iconSite icon Janayugom Online

വീട്ടിലുണ്ടാക്കിയ ഭക്ഷണം നല്‍കിയില്ല; പിതാവിന് നല്‍കിയ കുട്ടികളുടെ സംരക്ഷണ ഉത്തരവ് റദ്ദാക്കി

വീട്ടിലുണ്ടാക്കിയ ഭക്ഷണവും ശരിയായ പരിചരണവും നല്‍കാതിരുന്നതിനെ തുടര്‍ന്ന് പിതാവിന് നല്‍കിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഇടക്കാല സംരക്ഷണ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. മക്കളെ സംരക്ഷിക്കാന്‍ പിതാവിന് അനുമതി നല്‍കിയ കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി നടപടി. ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കുട്ടികളുടെ അമ്മയ്ക്ക് സ്ഥിരം കസ്റ്റഡി അവകാശം നല്‍കിക്കൊണ്ട് കോടതി ഉത്തരവിടുകയും ചെയ്തു. റസ്റ്റോറന്റ് ഭക്ഷണം പതിവായി കഴിക്കുന്നത് ഇളയ കുട്ടിക്ക് ദോഷകരമാകുമെന്നും ബെഞ്ച് വ്യക്തമാക്കി. എട്ട് വയസുള്ള കുട്ടിക്ക് സമീകൃതവും വീട്ടില്‍ പാകം ചെയ്തതുമായ ഭക്ഷണം ആവശ്യമാണ്. പതിവായി ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നത് മുതിര്‍ന്നവരില്‍ പോലും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് വീട്ടില്‍ പാകം ചെയ്ത ഭക്ഷണമാണ് ആവശ്യം. എന്നാല്‍ അത് നല്‍കാന്‍ പിതാവിന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. കുട്ടികളുമായി സമയം ചെലവഴിക്കാനും പിതാവിന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

2014ലാണ് ദമ്പതികള്‍ വിവാഹിതരായത്. 2017ല്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് രണ്ട് കുട്ടികളാണുള്ളത്. 2024 ജൂണില്‍ കുട്ടികളുടെ സ്ഥിരമായ കസ്റ്റഡി ആവശ്യപ്പെട്ട് അമ്മ കുടുംബ കോടതിയെ സമീപിച്ചു. പിതാവിന് മാസത്തിലൊരിക്കല്‍ കുട്ടികളെ കാണാനും ആഴ്ചയില്‍ ഒരിക്കല്‍ വീഡിയോ കോളില്‍ കാണാനും അനുവാദം നല്‍കി. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച പിതാവ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. തുടര്‍ന്ന് തിരുവനന്തപുരത്ത് വീട് വാടകയ്‌ക്കെടുക്കാനും ഭക്ഷണം ഉണ്ടാക്കുന്നതിന് ഒരാളെ വയ്ക്കാനും നിര്‍ദേശിച്ചുകൊണ്ട് കോടതി മാസം 15 ദിവസത്തെ കസ്റ്റഡി കാലാവധി പിതാവിന് നല്‍കി. എട്ട് വയസുള്ള മകളുമായുള്ള സംസാരത്തിനിടയില്‍ ഹോട്ടല്‍ ഭക്ഷണമാണ് കഴിക്കുന്നതെന്ന് കുട്ടി പറയുകയായിരുന്നു. മാത്രവുമല്ല പിതാവിനെക്കൂടാതെ മറ്റാരുമായും സഹവാസം ഇല്ലാത്തതിനാല്‍ അവള്‍ ഒറ്റപ്പെട്ടതായും കുട്ടി പരാമര്‍ശിച്ചു. 15 ദിവസം കൂടുമ്പോഴുള്ള വീട് മാറ്റത്തില്‍ കുട്ടികള്‍ അസ്വസ്ഥരാണെന്നും കോടതി നിരീക്ഷിച്ചു. മൂന്ന് വയസുള്ള ഇളയ കുട്ടിയെ അമ്മയില്‍ നിന്ന് മാറ്റി നിര്‍ത്തിയാല്‍ മാനസിക പ്രയാസം അനുഭവപ്പെട്ടേക്കാമെന്നും കോടതി പറഞ്ഞു. 

Exit mobile version