Site icon Janayugom Online

ഇന്ധന സർചാർജ് വർധിപ്പിക്കില്ല ; വൈദ്യുതി റഗുലേറ്ററി കമ്മിഷൻ

സംസ്ഥാനത്ത്‌ ഇന്ധന സർചാർജ് വർധിപ്പിക്കേണ്ടതില്ലെന്ന്‌ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ യോഗം തീരുമാനിച്ചു. സർചാർജ് വർധനവു മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമായാണ് തീരുമാനം.
ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദത്തിൽ 30 പൈസ നിരക്കിലും ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്നാം പാദത്തിൽ 14 പൈസ നിരക്കിലും സർചാർജ് പിരിക്കാൻ കമ്മിഷനു മുന്നിൽ കെഎസ്‌ഇബി പെറ്റീഷൻ സമർപ്പിച്ചിരുന്നു. സൂക്ഷ്മപരിശോധനയിൽ സർചാർജ് ഇനത്തിൽ 285.04 കോടി രൂപ പിരിച്ചെടുക്കാനുള്ളതായി കമ്മിഷന് ബോധ്യപ്പെട്ടു. ഇതേസമയം, വൈദ്യുതി നൽകുന്നതിൽ വീഴ്‌ചവരുത്തിയ ഒരു നിലയത്തിൽനിന്ന്‌ 37 കോടി രൂപ കെഎസ്‌ഇബി പിഴ ഈടാക്കിയിട്ടുണ്ട്. ഇത് കഴിച്ചുള്ള ബാക്കി തുകയായ 248.04 കോടി പിരിച്ചെടുക്കാൻ ജൂൺ മുതലുള്ള ആറുമാസം 20 പൈസ നിരക്കിൽ സർചാർജ് ഈടാക്കേണ്ടതുണ്ട്.
എന്നാൽ, താരിഫ് റഗുലേഷൻ ഒന്നാം ഭേദഗതി പ്രകാരം കമ്മിഷന്റെ അനുവാദം കൂടാതെ പരമാവധി 10 പൈസ വരെ സർചാർജ് ഈടാക്കാൻ കെഎസ്‌ഇബിക്ക് കമ്മിഷൻ അനുവാദം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സർചാർജ് ഈ തോതിൽ ഈടാക്കുന്നത് ജനങ്ങളിലുണ്ടാക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ സർചാർജ് ഇപ്പോൾ വർധിപ്പിക്കേണ്ടതില്ലെന്നും നിലവിലെ പൈസ സർചാർജ് തന്നെ തുടരുന്നതിനും കമ്മിഷൻ കെഎസ്‌ഇബിക്ക് അനുവാദം നൽകി. 2023 ഒക്ടോബറിൽ കെഎസ്‌ഇബിക്ക്‌ അനുവദിച്ച തുക ഈടാക്കുന്നതിൽ കുറവുണ്ടായാൽ നികത്താൻ പെറ്റീഷനുമായി കമ്മിഷനെ സമീപിക്കാം.

Eng­lish Sum­ma­ry; No increase in fuel sur­charge; Elec­tric­i­ty Reg­u­la­to­ry Commission
You may also like this video

Exit mobile version