Site iconSite icon Janayugom Online

ശൈശവ വിവാഹ നിരോധന നിയമത്തിന് മുകളിലല്ല ഒരു വ്യക്തി നിയമവും: സുപ്രീംകോടതി

ഒരു വ്യക്തിനിയമവും ശൈശവ വിവാഹ നിരോധന നിയമത്തിന് മുകളിലല്ലെന്ന് സുപ്രീംകോടതി. ശൈശവ വിവാഹങ്ങള്‍ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതായും കോടതി വ്യക്തമാക്കി. രാജ്യത്ത് ശൈശവ വിവാഹങ്ങള്‍ തടയുന്നതിനായുള്ള നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ചു. 

ശൈശവ വിവാഹങ്ങള്‍ തടയുന്നതിനുള്ള നിയമത്തെ വ്യക്തിനിയമം കൊണ്ട് നേരിടാനാവില്ലെന്ന് വിധി വായിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവരുടെ ജീവിതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഇത്തരം വിവാഹങ്ങള്‍. ശൈശവവിവാഹം തടയുന്നതിലും പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണത്തിലും അധികാരികള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. കുറ്റവാളികളെ ശിക്ഷിക്കണം.

ശൈശവ വിവാഹ നിരോധന നിയമത്തിന് ചില വിടവുകളുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.ശൈശവ വിവാഹങ്ങള്‍ തടയുന്നതിനും സമൂഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്യുന്നതിനും വേണ്ടിയാണ് 2006 ലെ ശൈശവ വിവാഹ നിരോധന നിയമം നിലവില്‍ വന്നത്. 1929ലെ ശൈശവ വിവാഹ നിയന്ത്രണ നിയമത്തിന് പകരമായാണ് ഈ നിയമം നിലവില്‍ വന്നത്.

Exit mobile version