ഇസ്രയേലും ഇറാനുമായി വെടിനിർത്തലിന് ധാരണയായെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദത്തെ തള്ളി ഇറാൻ. വെടിനിർത്താൻ ഉദ്ദേശമില്ലെന്നും യുദ്ധം തുടങ്ങി ഇസ്രയേൽതന്നെ ആക്രമണം അവസാനിപ്പിക്കണമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. വെടി നിര്‍ത്തലിനോ, സൈനിക നടപടികള്‍ നിര്‍ത്തി വെക്കുന്നതിനോ യാതൊരു നടപടികളും ഇറാൻ കൈക്കൊണ്ടിട്ടില്ല.
ഇറാന്‍ ജനതയ്ക്ക് നേരെ അന്യായമായി നടത്തി വരുന്ന ആക്രമണങ്ങള്‍ ഇസ്രയേല്‍ ഭരണകൂടം അവസാനിപ്പിക്കുമെന്നാണ് കേട്ടത്. അവര്‍ അത് ചെയ്താല്‍ തിരിച്ചടി തുടരാന്‍ ഞങ്ങളും ആഗ്രഹിക്കുന്നില്ല. സൈനിക നടപടികള്‍ നിര്‍ത്തി വയ്ക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം പിന്നീട് കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

