ഡ്യൂട്ടി സമയത്ത് വനിതാ പൊലീസുകാര്‍ക്ക് മേക്കപ്പ് വേണ്ടെന്ന് ബീഹാര്‍ പൊലീസ്. സേനയില്‍ കര്‍ശനമായ അച്ചടക്കം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥര്‍ ആഭരണങ്ങളും മേക്കപ്പുമായി സോഷ്യല്‍ മീഡിയിയല്‍ റീല്‍സ് ചിത്രീകരണം പതിവാക്കിയതോടെയാണ് പുതിയ നിര്‍ദേശം.
ഡ്യൂട്ടി സമയത്ത് മേക്കപ്പ് ഉപയോഗിക്കുന്നതും അനുചിതമായ രീതിയില്‍ യൂണിഫോം ധരിക്കുന്നതും വകുപ്പ് ലംഘനമായി കാണും. സോഷ്യല്‍ മീഡിയിയിലെ റീല്‍സ് ചീത്രീകണം ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഫോട്ടോകള്‍ പങ്കുവയ്ക്കല്‍, പാട്ടുകേള്‍ക്കാനും കോള്‍ അറ്റന്‍ഡ് ചെയ്യുന്നതിനും ബ്ലൂടൂത്ത് ഉപയോഗിക്കല്‍ തുടങ്ങിയവയും വകുപ്പ് ലംഘനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശനനടപി സ്വീകരിക്കുമെന്നാണ് നിര്‍ദേശം.
പുരുഷ ഉദ്യോഗസ്ഥര്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണ്, ഡ്യൂട്ടി സമയത്ത് കൃത്യമായരീതിയില്‍ യൂണിഫോം ധരിക്കണമെന്നും ഇത്തരം ലംഘനം നടത്തുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പൊലീസ് ആസ്ഥാനം മുന്നറിയിപ്പ് നല്‍കി. നിര്‍ദേശത്തിന്റെ പകര്‍പ്പുകള്‍ എല്ലാ എസ്പിമാര്‍ക്കും, എസ്എസ്പിമാര്‍ക്കും, ഡിഐജിമാര്‍ക്കും, ഐജി തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കും അയച്ചിട്ടുണ്ട്. അവരുടെ അധികാരപരിധിയില്‍ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിര്‍ദേശം ഫലപ്രദമായി നടപ്പിലാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് പൊലീസ് ആസ്ഥാനം വിശദീകരണം തേടും. ഡ്യൂട്ടി സമയത്ത് വസ്ത്രധാരണ രീതികള്‍, മൊബൈല്‍ ഫോണുകളുടെ ഉപയോഗം, വീഡിയോ കോളുകള്‍ എന്നിവ സംബന്ധിച്ച് ബീഹാര്‍ പൊലീസ് നേരത്തെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും, വനിതാ ഉദ്യോഗസ്ഥര്‍ക്ക് മേക്കപ്പ്, ആഭരണങ്ങള്‍ പാടില്ലെന്ന നിര്‍ദേശം പുറപ്പെടുവിക്കുന്നത് ഇതാദ്യമാണ്.

