Site iconSite icon Janayugom Online

അഫ്ഗാനില്‍ സൈനിക കേന്ദ്രം വേണ്ട; യുഎസിനെതിരേ പാകിസ്താനും ചൈനയും റഷ്യയും ഇറാനും

അഫ്ഗാനിസ്ഥാനിലും പരിസരത്തും ‘സൈനിക താവളങ്ങള്‍’ സ്ഥാപിക്കുന്നതിനെ എതിര്‍ത്ത് പാകിസ്താനും റഷ്യയും ചൈനയും ഇറാനും. കാബൂളിന്റെ ‘പരമാധികാര’ത്തെയും, ‘ഭൂമിശാസ്ത്രപരമായ അഖണ്ഡത’യെയും മാനിക്കണമെന്നാണ് ആവശ്യം. അഫ്ഗാനിസ്ഥാനില്‍ സൈനിക സാന്നിധ്യം സ്ഥാപിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കുന്നതിനിടെയാണ് ഈ രാജ്യങ്ങളുടെ എതിര്‍പ്പ്.

യു.എൻ. പൊതുസഭയുടെ 80-ാമത് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഈ നാല് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ യോഗം ചേര്‍ന്നത്. യോഗത്തിന് ശേഷം അഫ്ഗാൻ സൈനിക താവളങ്ങളെക്കുറിച്ചുള്ള സംയുക്ത പ്രസ്താവന പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം പങ്കുവെക്കുകയായിരുന്നു. ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് തിരികെ നല്‍കണമെന്ന് അഫ്ഗാനിസ്ഥാനോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെടുകയും താലിബാന്‍ അത് നിരസിക്കുകയും ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഈ നാല് താലിബാന് അനുകൂലമായ നിലപാട് സ്വീകരിച്ചത്.

തലസ്ഥാനമായ കാബൂളിന് വടക്ക് സ്ഥിതി ചെയ്യുന്ന അഫ്ഗാനിസ്താനിലെ ഏറ്റവും വലിയ വ്യോമത്താവളമായ ബഗ്രാം, താലിബാനെതിരായ 20 വര്‍ഷത്തെ യുദ്ധത്തില്‍ യുഎസ് സൈനിക നടപടികളുടെ കേന്ദ്രമായിരുന്നു. യുഎസ് അഫ്ഗാന്‍ വിട്ട് നാല് വര്‍ഷത്തിന് ശേഷമാണ് ബഗ്രാം തിരിച്ചുവേണമെന്ന ആവശ്യം ട്രംപ് ഉന്നയിക്കുന്നത്. ഇല്ലെങ്കില്‍ ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

‘ബഗ്രാം വ്യോമതാവളം തിരികെ ലഭിക്കുന്നതിനായി ചിലര്‍ ഞങ്ങളുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി അടുത്തിടെ പറഞ്ഞിരുന്നു. അഫ്ഗാന്റെ ഒരിഞ്ചു മണ്ണില്‍ പോലും ഇടപാട് സാധ്യമല്ല. ഞങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല.’ അഫ്ഗാനിസ്താന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ഫസീഹുദ്ദീന്‍ ഫിത്രാദ് പറഞ്ഞു.

ചൈനയുടെ ആണവനിലയത്തിന് ഏറെ അടുത്തുനില്‍ക്കുന്ന സ്ഥലമാണ് ബഗ്രാം. അതാണ് ബഗ്രാം തിരച്ചുവേണമെന്ന യുഎസ് ആവശ്യപ്പെടുന്നതിനു പിന്നില്‍. ബ്രിട്ടൻ സന്ദര്‍ശിക്കുമ്പോഴാണ് ട്രംപ് ആദ്യമായി ഈ അവകാശവാദം ഉന്നയിക്കുന്നത്. 1950-കളുടെ തുടക്കത്തില്‍ അന്നത്തെ സോവിയറ്റ് യൂണിയന്റെ സഹായത്തോടെയാണ് യഥാര്‍ത്ഥ വ്യോമത്താവളം നിര്‍മ്മിച്ചത്. പത്തു വര്‍ഷത്തോളം നീണ്ട സോവിയറ്റ് അധിനിവേശകാലത്ത് ഇത് വികസിപ്പിക്കുകയും ചെയ്തിരുന്നു.

യുഎസ് പിന്തുണയില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് 2010‑ല്‍ ഡയറി ക്വീന്‍, ബര്‍ഗര്‍ കിംഗ് തുടങ്ങിയ ഔട്ട്‌ലെറ്റുകള്‍ ഉള്‍പ്പെടെ സൂപ്പര്‍മാര്‍ക്കറ്റുകളും കടകളുമുള്ള ഒരു ചെറിയ പട്ടണത്തിന്റെ വലുപ്പത്തിലേക്ക് ബഗ്രാം വളര്‍ന്നിരുന്നു.

Exit mobile version