Site iconSite icon Janayugom Online

സദാചാര പൊലീസ് പണി വേണ്ട: ഹൈക്കോടതി

സദാചാര പൊലീസിങ് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. ഇതര സമുദായത്തില്‍പ്പെട്ട യുവതിയുമായി കാറില്‍ സഞ്ചരിച്ച യുവാവിനെ തടഞ്ഞുനിര്‍ത്തി ഒരു കൂട്ടം യുവാക്കള്‍ മര്‍ദിച്ച സംഭവത്തിലാണു കോടതി ഉത്തരവ്. ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. പ്രതികള്‍ വിചാരണ നേരിടണമെന്നു കോടതി ഉത്തരവിട്ടു.

കാസര്‍ഗോഡ് തളങ്കരയില്‍ 2017 ജൂലൈയിലായിരുന്നു സംഭവം. കേസിന്റെ വിചാരണ കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പുരോഗമിക്കുകയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അക്രമാസക്തരായ ആള്‍ക്കൂട്ടം നിരായുധനായ യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ചത് അംഗീകരിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.

ഇതര സുദായത്തില്‍പ്പെട്ട യുവതിയുമായി സഞ്ചരിച്ചതിന്റെ പേരില്‍ യുവാവ് ആക്രമിക്കപ്പെട്ട കേസ് റദ്ദാക്കുന്നതു സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്ന സര്‍ക്കാര്‍ വാദവും കോടതി കണക്കിലെടുത്തു. പ്രതികളില്‍ ചിലര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും നാലാം പ്രതി കൊലപാതകം ഉള്‍പ്പെടെ 15 കേസുകളില്‍ പ്രതിയാണെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

Eng­lish Summary:No moral police work: High Court
You may also like this video

Exit mobile version