നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിന് വായ്പ അനുവദിക്കില്ലെന്ന് ഫ്രഞ്ച് സാമ്പത്തിക ഏജന്‍സിയായ ഏജന്‍സിയ ഫ്രാന്‍സ് ഡെവലപ്മെന്റ് കഴിഞ്ഞ ദിവസം അറിയിച്ചു. കഴിഞ്ഞ ദിവസം ഫ്രഞ്ച് ഏജന്‍സിയുടെ പ്രതിനിധികള്‍ കൊച്ചി മെട്രോയുമായി ചര്‍ച്ചനടത്തിയിരുന്നു. നല്കിയ വായ്പ ഉടന്‍ തിരിച്ചടയ്ക്കാനാവില്ലെന്ന് സൂചന ലഭിച്ചതോടെയാണ് തുടര്‍ വായ്പ നിഷേധിച്ചതെന്നറിയുന്നു.
രണ്ടു ശതമാനം പലിശയ്ക്കാണ് ഫ്രഞ്ച് ഏജന്‍സി 4100 കോടി രൂപ ആദ്യഘട്ടത്തിന് വായ്പ അനുവദിച്ചത്. തിരിച്ചടവുകാലം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തുടങ്ങി. കനറാ ബാങ്ക്, സഹകരണ ബാങ്കുകള്‍ എന്നിവയില്‍ നിന്നും മൂവായിരം കോടിയില്പരം രൂപയുടെ വായ്പയെടുത്തിട്ടുണ്ട്. ഈ പ്രതിസന്ധിഘട്ടത്തിലും വായ്പ നല്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. സാമ്പത്തിക പ്രയാസം മൂലം മെട്രോയുടെനിര്‍മ്മാണത്തിനു സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരിനുമാവുന്നില്ല.
രണ്ടാംഘട്ടത്തിന്റെ സ്ഥലമെടുപ്പും കാന നിര്‍മ്മാണവുമെല്ലാം പൂര്‍ത്തിയായെങ്കിലും പാലാരിവട്ടം മുതല്‍ ഇന്‍ഫോ പാര്‍ക്കുവരെയുള്ള നിര്‍മ്മാണം വായ്പയുടെ അഭാവത്താല്‍ അനിശ്ചിതത്വത്തിലായി. സര്‍വീസ് നടക്കുന്ന ആലുവ മുതല്‍ തൃപ്പുണിത്തുറ വരെയുള്ള പ്രദേശത്തു നിന്നും പ്രതിദിന യാത്രക്കാരുടെ എണ്ണം അനുദിനം കുറയുന്ന പ്രവണതയുമുണ്ട്.
21 ലക്ഷം ജനസംഖ്യയുള്ള നഗരത്തില്‍ പ്രതിദിനം മൂന്നര ലക്ഷം യാത്രക്കാരുണ്ടാകുമെന്നായിരുന്നു കൊച്ചി മെട്രോയുടെ തുടക്കത്തില്‍ മെട്രോമാന്‍ ഇ ശ്രീധരന്‍ പറഞ്ഞിരുന്നത്. എന്നാല്‍ 2017 ഓഗസ്റ്റ് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്തതു മുതല്‍ ഇതുവരെ യാത്രക്കാരുടെ എണ്ണം പ്രതിദിനം ഒന്നര ലക്ഷം കടന്നിട്ടില്ല. കോവിഡ് കാലത്ത് 56 ദിവസം മെട്രോ സര്‍വീസ് തന്നെ സ്തംഭിച്ചിരുന്നു. പിന്നീട് മിക്ക ദിവസവും 30,000 മുതല്‍ 50,000 വരെ മാത്രമായിരുന്നു യാത്രികരുടെ സംഖ്യ. മെട്രോ അധികൃതര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ കണക്കനുസരിച്ച് പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി 80,000യാണ്. മെട്രോമാന്റെ കണക്കുകള്‍ അശാസ്ത്രീയമായിരുന്നുവെന്ന് തെളിയിക്കുകയാണ് ഈ സ്വപ്ന പദ്ധതി.
ഉദ്ഘാടന വര്‍ഷം 300 കോടിയുടെ നഷ്ടമുണ്ടാക്കിയ കൊച്ചി മെട്രോയുടെ 21ലെ നഷ്ടം 334.89 കോടിയാണ്. കഴിഞ്ഞ വര്‍ഷം അത് 339.55 കോടിയായി. വരുന്ന മാര്‍ച്ചില്‍ നഷ്ടം 350 കോടി കടക്കുമെന്നാണ് വിലയിരുത്തല്‍. ഇതുവരെ മൊത്തം 1,500 കോടിയിലേറെ രൂപയുടെ നഷ്ടം. ചെലവു ചുരുക്കി നഷ്ടം നികത്തുമെന്നും പ്രതിദിനം രണ്ടു ലക്ഷം രൂപ ഇങ്ങനെ ലാഭിക്കുമെന്നുമാണ് കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്റ കഴിഞ്ഞ ദിവസം പറഞ്ഞത്. മെട്രോയില്‍ ജീവനക്കാരുടെ എണ്ണം താങ്ങാവുന്നതിലുമധികമാണെന്ന് ഗതാഗത വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, ഏതാനും ദിവസം മുമ്പ് പല തസ്തികകളിലെയും പുതിയ നിയമനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചതും ചെലവു ചുരുക്കുന്ന മെട്രോ തന്നെയാണ് എന്നതും വിചിത്രം.
കൊച്ചി മെട്രോയുടെ ഈ തകര്‍ച്ചയ്ക്കിടയില്‍ കോഴിക്കോട്-തിരുവനന്തപുരം ലൈറ്റ് മെട്രോകളുടെ ഭാവിയും അനിശ്ചിതത്വത്തിലായി. തിരുവനന്തപുരം ലൈറ്റ് മെട്രോയ്ക്കുവേണ്ടി ഇ ശ്രീധരന്‍ തയ്യാറാക്കിയ പ്രോജക്ട് റിപ്പോര്‍ട്ടില്‍ പള്ളിപ്പുറം മുതല്‍ കരമന വരെയുള്ള 21 സ്റ്റേഷനുകളില്‍ നിന്ന് പ്രതിദിനം 7,000 യാത്രക്കാരുണ്ടാകുമെന്നാണ് കണക്ക്. ഈ അസംബന്ധ പ്രോജക്ട് റിപ്പോര്‍ട്ട് പൊളിച്ചെഴുതാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
English Summary;No more French loan, Kochi Metro ; 1 crore loss per day
You may also like this video