ഉത്തര്‍പ്രദേശില്‍ ബിജെപി എംപി വിനോദ് കുമാര്‍ നടത്തിയ വിരുന്നില്‍ മട്ടന്‍ കറിയില്‍ കഷ്ണം ഇല്ലെന്ന് പറഞ്ഞ് കൂട്ടത്തല്ല്. മിര്‍സാപൂരിലാണ് സംഭവം. ബധോഹി മണ്ഡലം എംപിയാണ് വിനോദ് കുമാര്‍. വിരുന്നില്‍ പങ്കെടുത്തവരെല്ലാം തമ്മില്‍ കൂട്ടത്തല്ല് ആയപ്പോഴേക്കും നേതാക്കളും നാട്ടുകാരും ഇടപെട്ടാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.
വിരുന്നില്‍ വിളമ്പിയ മട്ടന്‍ കറിയില്‍ കഷ്ണം ഉണ്ടായിരുന്നില്ലെന്നും ഗ്രേവി മാത്രമാണുണ്ടായതെന്നും പറഞ്ഞാണ് സംഘർഷം ആരംഭിച്ചത്. തല്ലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
’ക്ഷണിച്ചവര്‍ പരമാവധി ഭക്ഷണം കഴിച്ചതിനാല്‍ രാത്രി 8.30 ആവുമ്പോഴേക്ക് വിരുന്ന് അവസാനിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അതിനിടയില്‍ ക്ഷണിക്കാതെത്തിയ കുറച്ച് യുവാക്കള്‍ മദ്യപിച്ച് അകത്ത് പ്രവേശിച്ചു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് സംഭവത്തെകുറിച്ച് എംപിയുടെ വിശദീകരണം. വിരുന്നിനെത്തിയ യുവാവ് പാത്രത്തില്‍ വളരെയധികം ഗ്രേവി വിളമ്പിയതില്‍ സംശയം തോന്നി കറിയിൽ മട്ടണ്‍ കഷണം ഉണ്ടോയെന്ന് പരിശോധിച്ചു. എന്നാല്‍ ഒരു മട്ടന്‍ കഷ്ണം പോലും കണ്ടെത്താനായില്ല തുടർന്നാണ് യുവാവിന്റെ സുഹൃത്തുക്കളും വിളമ്പുകാരും തമ്മിൽ അടിയായത്.